യുഎസില്‍ നിന്നും ഇറക്കുമതി ; തീരുവ ചുമത്താനുള്ള നീക്കം ഇന്ത്യ വൈകിപ്പിക്കുമെന്ന്

ന്യൂഡല്‍ഹി:യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 29 ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനുള്ള നീക്കം ഇന്ത്യ വൈകിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് നാല് മുതല്‍ യു എസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തി തുടങ്ങുമെന്നായിരുന്നു നേരത്തെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഉഭയകക്ഷി വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ തീരുവ ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കം 45 ദിവസം വരെ ഇന്ത്യ വൈകിപ്പിക്കുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.

ജൂണില്‍ പുറത്തിറക്കിയ തീരുവ സംബന്ധിച്ച വിജ്ഞാപനത്തില്‍ ഭേദഗതി വരുത്താന്‍ വാണിജ്യവകുപ്പ് റവന്യു വകുപ്പിനോട് ശുപാര്‍ശ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അലുമിനിയം, സ്റ്റീല്‍ ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്ക് അധിക തീരുവ ചുമത്താനുള്ള യു എസ് തീരുമാനമാണ് ഇന്ത്യയെ പ്രതിരോധ നടപടിയിലേക്ക് നയിച്ചത്. 24.1 കോടി ഡോളര്‍ ചുങ്കമാണ് അമേരിക്ക അവയില്‍ നിന്നു പിരിക്കുന്നത്.

യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ആപ്പിള്‍ ബദാം, വാല്‍നട്ട്,കടലപ്പരിപ്പ്, പയര്‍, ആര്‍ട്ടേമിയ തുടങ്ങിയ പ്രധാന ഉത്പ്പന്നങ്ങള്‍ക്കാണ് തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ചിക്പീസ്, ബംഗാള്‍ ഗ്രാം എന്നിവയുടെ തീരുവയില്‍ 60 ശതമാനം വര്‍ധനവാണ് വരുത്തിയിട്ടുള്ളത്.

നേരത്തേ 20 ഇനങ്ങള്‍ക്കു പിഴച്ചുങ്കം ചുമത്താനാണ് ഇന്ത്യ ലോകവ്യാപാര സംഘടന (ഡബ്ല്യുടിഒ) വഴി നോട്ടീസ് നല്‍കിയത്. പിന്നീടു നടന്ന ഇന്ത്യ-അമേരിക്ക ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണു 30 ഇനങ്ങള്‍ക്കായി പട്ടിക വലുതാക്കിയത്. യുഎസിലെ വ്യാപാര കമ്മി ഇല്ലാതാക്കുക, യുഎസില്‍ തൊഴില്‍ കൂട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണു ട്രംപ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പിഴച്ചുങ്കം ചുമത്തുന്നത്.

Top