ഖലിസ്ഥാന്‍ വിഘടനവാദ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുനിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അമേരിക്ക. വിഷയം ഗുരുതരമാണെന്നും ഇന്ത്യയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യുകയാണെന്നും ദക്ഷിണ, മധ്യേഷ്യയുടെ അസിസ്റ്റന്റ് വിദേശകാര്യം സെക്രട്ടറി ഡൊണാള്‍ഡ് ലു മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യയും അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് നിഖില്‍ ഗുപ്ത ചെക്ക് റിപ്പബ്ലിക്കില്‍ പിടിയിലാകുന്നത്. ഇന്ത്യയില്‍ നിന്ന് പ്രാഗിലേക്ക് യാത്ര ചെയ്യുന്നതിനിടെ ജൂണിലായിരുന്നു അറസ്റ്റ് നടന്നത്. 2023 നവംബര്‍ 29-നാണ് സിഖ് വിഘടനവാദി നേതാവിനെ വധിക്കാനുള്ള ശ്രമം നടത്തിയത്. കൊലപാതകത്തിനുള്ള ഗൂഢാലോചന ഉള്‍പ്പെടെ പരമാവധി 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വിവിധ വകുപ്പുകളാണ് ഗുപ്തയ്‌ക്കെതിരെയുള്ളത്.ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് കാനഡയുമായി വലിയ നയതന്ത്ര ഉലച്ചിലുകള്‍ സംഭവിച്ചതിന് പിന്നാലെയായിരുന്നു അമേരിക്കയുടെ ആരോപണം ഉണ്ടായത്. സംഭവം പരസ്യപ്പെടുത്തുന്നതിന് മുന്‍പുതന്നെ അമേരിക്കയുടെ ആവശ്യപ്രകാരം നിഖിലിനെ അറസ്റ്റ് ചെയ്തിരുന്നു.
”ഇതൊരു ഗുരുതരമായ പ്രശ്‌നമാണ്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഗുരുതരമായ പ്രശ്‌നം. ഇന്ത്യന്‍ സര്‍ക്കാരില്‍ ജോലി ചെയ്യുന്ന ഒരാളുടെ നിര്‍ദേശപ്രകാരം ഒരു ഇന്ത്യന്‍ പൗരന്‍ അമേരിക്കന്‍ മണ്ണില്‍ വച്ച് ഒരു അമേരിക്കന്‍ പൗരനെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് നീതിന്യായ വകുപ്പ് ആരോപിക്കുന്നു. ഞങ്ങള്‍ ഇത് അതീവ ഗൗരവമായി എടുക്കുകയും ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്,’ ഡൊണാള്‍ഡ് ലു പറഞ്ഞു. സിഖ് വിഘടനവാദി നേതാവിനെ അമേരിക്കയില്‍ വച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും ആ ശ്രമം പരാജയപ്പെട്ടെന്നുമാണ് അമേരിക്കയുടെ വാദം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്തയ്ക്കെതിരെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയിരുന്നു.പേരുവെളിപ്പെടുത്താത്ത ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം നിഖില്‍ ഗുപ്ത അമേരിക്കയില്‍ പന്നൂണിനെ കൊല്ലാനുള്ള സഹായത്തിനായി കൂട്ടാളിമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിക്കുന്ന പന്നൂവിനെ കൊല്ലാന്‍ കൊലയാളിക്ക് 1,00,000 യുഎസ് ഡോളര്‍ വാദ്ഗാനം ചെയ്തെന്നും ആരോപണങ്ങളില്‍ ഉണ്ട്. നിഖില്‍ ഗുപ്ത നിലവില്‍ ചെക്ക് റിപ്പബ്ലിക്കിലെ ജയിലില്‍ കഴിയുകയാണ്. അമേരിക്കയുടെ അഭ്യര്‍ഥനപ്രകാരമാണ് നിഖിലിനെ അവിടെ പിടികൂടിയത്.