കുവൈറ്റ് വിമാനത്താവളത്തിലെ സുരക്ഷ വിലയിരുത്താന്‍ യുഎസ് സംഘം എത്തും

കുവൈറ്റ്: കുവൈറ്റ് വിമാനത്താവളത്തിലെ സുരക്ഷ വിലയിരുത്തുന്നതിനായി യുഎസ് സംഘം ഞായറാഴ്ച എത്തും.

വിമാനത്താവളം നേരത്തെ സന്ദര്‍ശിച്ചിരുന്ന സംഘം ഏര്‍പ്പെടുത്തിയ സംവിധാനങ്ങളുടെ പുരോഗതി വിലയിരുത്തുകയാണു ലക്ഷ്യം. കുവൈറ്റ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളും സംഘം പരിശോധിക്കും.

കുവൈറ്റ് സിവില്‍ ഏവിയേഷന്‍, ആഭ്യന്തര മന്ത്രാലയം, കുവൈറ്റ് എയര്‍വേയ്‌സ് പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണു പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്.

എല്ലാ പ്രവേശന കവാടങ്ങളിലും എക്‌സിറ്റുകളിലും നൂതന സാങ്കേതിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

സുരക്ഷാ സംവിധാനം പൂര്‍ണ തൃപ്തികരമല്ലെന്ന നിഗമനത്തില്‍ കുവൈറ്റില്‍ നിന്ന് നേരിട്ട് യുഎസിലേക്കുള്ള വിമാനങ്ങള്‍ അയര്‍ലന്‍ഡിലോ ലണ്ടനിലോ ഇറക്കിയ ശേഷമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

യുഎസ് സംഘത്തിന്റെ പരിശോധനയില്‍ സുരക്ഷാ സംവിധാനം തൃപ്തികരമാണെങ്കില്‍ കുവൈറ്റില്‍നിന്ന് യുഎസിലേക്കുള്ള വിമാനങ്ങള്‍ക്കു സ്‌റ്റോപ് ഓവര്‍ വേണമെന്ന നിബന്ധന ഒഴിവാക്കിയേക്കും.

അതിനിടെ കുവൈറ്റ് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ നിര്‍മ്മാണ പുരോഗതിയില്‍ ഗവണ്‍മെന്റ് പെര്‍ഫോമന്‍സ് മോണിറ്ററിങ് ഏജന്‍സി മേധാവി ഷെയ്ഖ് അഹമ്മദ് അല്‍ മിഷാല്‍ തൃപ്തി രേഖപ്പെടുത്തി.

Top