ഉപയോക്താവിന് തന്നെ ഫോണ്‍ ബാറ്ററി ഊരാനും ഇടുവാനും സാധിക്കണം; നിയമമാക്കാൻ യൂറോപ്യൻ യൂണിയൻ

ബ്രസല്‍സ് : ഉപയോക്താക്കൾക്ക് മികച്ച സ്‌മാർട്ട്‌ഫോൺ അനുഭവം പ്രദാനം ചെയ്യുന്നതിനായി യൂറോപ്യൻ യൂണിയൻ ചില സുപ്രധാന നിയമങ്ങൾ പാസാക്കി വരുകയാണ്. ഇതിനകം തന്നെ എല്ലാ ഫോണുകൾക്കും യുഎസ്ബി ടൈപ്പ്-സി പോർട്ട് നിർബന്ധമാക്കിയ നിയമം ഒക്കെ അതിന്റെ ഭാഗമാണ്. ആപ്പിള്‍ അടക്കം ഈ വഴിയിലേക്ക് മാറുന്നുവെന്നതാണ് ഇതിന്റെ പോസറ്റീവ് വശം. സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ മൂന്നാം കക്ഷി ആപ്പ് സ്റ്റോറുകളുടെ പങ്കാളിത്തം അനുവദിക്കണമെന്ന നിയമവും യൂറോപ്യന്‍ യൂണിയന്‍ പരിഗണനയിലാണ്.

ഇപ്പോള്‍ ഇതാ സുപ്രധാനമായ ഒരു തീരുമാനം യൂറോപ്യന്‍ യൂണിയന്‍ നിയമനിർമ്മാണമായി എത്തിയിരിക്കുന്നു. സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ബാറ്ററികൾ ഉപയോക്താക്കള്‍ക്ക് പഴയത് പോലെ ഊരിയെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ നിര്‍മ്മിക്കണം എന്നാണ് പുതിയ നിയമം വരാനിരിക്കുന്നത്.

ബാറ്ററികൾ എളുപ്പത്തിൽ റീപ്ലേയ്സ് ചെയ്യാന്‍ സാധിക്കുന്ന ഉപകരണങ്ങൾ ടെക് സ്ഥാപനങ്ങൾ നൽകണമെന്നാണ് നിയമം. കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ ഒരു ഫോണിന്‍റെ, ലാപ്പിന്റെ, ടാബിന്റെ പിന്‍കവര്‍ നീക്കം ചെയ്ത് ഉപയോക്താവിന് തന്നെ ബാറ്ററി റീപ്ലെയിസ് ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇപ്പോൾ, ഫോണുകളും ലാപ്‌ടോപ്പുകളും നിങ്ങൾക്ക് സ്വന്തമായി ബാറ്ററി മാറ്റാനോ പരിശോധിക്കാനോ കഴിയാത്ത വിധത്തിലാണ് നിർമ്മിക്കുന്നത്. ഇത് അടിസ്ഥാനപരമായി ആളുകളെ സര്‍വീസ് സെന്ററുകളെ ആശ്രയിക്കാന്‍ ൃപ്രേരിപ്പിക്കുകയും ഇക്കാരണത്താൽ അവർക്ക് പണം നൽകേണ്ടി വരുകയും ചെയ്യുന്നു.

ഐഫോണുകളുടെ ഏത് മെയിന്റനൻസ് സേവനത്തിനും ആപ്പിൾ ഈടാക്കുന്ന ഉയർന്ന തുകയാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. എന്നാല്‍ പുതിയ സംവിധാനം നിയമം മൂലം ഉറപ്പാക്കിയാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ചെറിയ മൊബൈല്‍ പ്രശ്നങ്ങള്‍ അവിടെ തന്നെ പരിഹരിക്കാന്‍ സാധിക്കും. ഇതുവഴി സാമ്പത്തിക നേട്ടവും ഉണ്ടാകും. എന്നാല്‍ മൊബൈല്‍ കമ്പനികള്‍ക്ക് അവരുടെ ലാഭ മാര്‍ജനില്‍ ഇത് ഇടിവ് ഉണ്ടാക്കും.

ഉപഭോക്താക്കൾക്ക് ബാറ്ററികളെക്കുറിച്ച് വിവരങ്ങൾ നൽകുന്നതിനായി ബാറ്ററികളില്‍ ലേബലുകളും ക്യുആർ കോഡുകളും വഹിക്കുമെന്ന് ഔദ്യോഗിക പത്രക്കുറിപ്പ് പറയുന്നു. ബാറ്ററിയുടെ കപ്പാസിറ്റി, പെർഫോമൻസ്, ഈട്, കെമിക്കൽ കോമ്പോസിഷൻ, എന്നിവയെക്കുറിച്ച് ആളുകളെ അറിയിക്കണം.

ഇലക്ട്രോണിക് ഉപകരണങ്ങൾ, ഓട്ടോമോട്ടീവ് ബാറ്ററികൾ, വ്യാവസായിക ബാറ്ററികൾ, ഇലക്ട്രിക് വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ തുടങ്ങി എല്ലാത്തരം ബാറ്ററികൾക്കും പുതിയ നിയമം ബാധകമാണ്. യൂറോപ്യന്‍ യൂണിയന്‍ നിയമം അനുസരിക്കാനും ഇത് യാഥാർത്ഥ്യമാക്കാനും കമ്പനികള്‍ക്ക് ആവശ്യമായ സമയം നല്‍കും.

Top