പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഡിസംബറിനുള്ളില്‍ വാക്‌സിന്‍ നല്‍കും

ന്യൂഡല്‍ഹി: രാജ്യത്ത് പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഡിസംബറിനുള്ളില്‍ വാക്‌സീന്‍ ലഭിക്കുമെന്ന് ദേശീയ വാക്‌സീന്‍ അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധ സമിതി തലവന്‍ ഡോ. എന്‍.കെ. അറോറ. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അടുത്ത മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സീന്‍ നല്‍കാനാകും. വാക്‌സീന്‍ ലഭ്യത വര്‍ധിക്കുന്നുണ്ട്. ജൂണിലും ജൂലൈയിലും വര്‍ധനവുണ്ടായി. മേയ് വരെ പ്രതിമാസം 5.6 കോടി ഡോസുകളാണ് ലഭ്യമായിരുന്നത്. ഇപ്പോള്‍ 10-12 കോടി ഡോസുകള്‍ ലഭ്യമാണ്. അടുത്ത മാസം 18 കോടി ഡോസ് ലഭിക്കും.

സെപ്റ്റംബറില്‍ 30 കോടിയിലധികം ഡോസുകള്‍ ലഭ്യമാക്കാനാണ് ലക്ഷ്യം. കൂടുതല്‍ വാക്‌സീന്‍ വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് വെല്ലുവിളിയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ഒരു ലക്ഷം വാക്‌സീന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നു ദിവസമായി കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. 56 ദിവസത്തിന് ശേഷമാണ് കോവിഡ് വീണ്ടും വര്‍ധിക്കുന്നത്. 11 സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Top