ബിറ്റ്‌കോയിന്റെ മൂല്യം ഒരു ലക്ഷം ഡോളറിലേക്കെത്തുമെന്ന് പ്രവചനം

bitcoin

കൊച്ചി: ബിറ്റ്‌കോയിനിന്റെ മൂല്യം ഒരു ലക്ഷം ഡോളറില്‍ എത്താമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. അതായത്, ഒരു ബിറ്റ്‌കോയിന് 65 ലക്ഷം രൂപ.

2008ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ച അമേരിക്കന്‍ ലെബനീസ് വംശജനായ ഹെഡ്ജ് ഫണ്ട് മാനേജര്‍ നാസിം നിക്കോളാസ് താലിബ് ആണ് ബിറ്റ്‌കോയിന്‍ വിലയെക്കുറിച്ച് പ്രവചനവുമായി എത്തിയിരിക്കുന്നത്.

5,000 ഡോളറോ 10,000 ഡോളറോ കടന്നതുപോലെ ഒരു ലക്ഷം ഡോളര്‍ കടക്കുമെന്ന് പറയാതിരിക്കാനാവില്ലെന്നാണ് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചത്.

ബിറ്റ്‌കോയിന്റെ ലഭ്യതയിലുള്ള കുറവും ഉത്പാദകരുടെ എണ്ണത്തിലുള്ള കുറവുമാണ് വില വര്‍ധനയ്ക്ക് കാരണമാകുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞയാഴ്ച ബിറ്റ്‌കോയിന്‍ മൂല്യം 19,000 ഡോളര്‍ കടന്നിരുന്നു. ഭരണകൂടങ്ങളുടെ അംഗീകാരമോ കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാതെ ലോകം മുഴുവന്‍ ക്രയവിക്രയം ചെയ്യുന്ന കറന്‍സികളാണ് ക്രിപ്‌റ്റോ കറന്‍സികള്‍.

2008ല്‍ മാത്രം നിലവില്‍ വന്ന ബിറ്റ്‌കോയിന്‍ ഒമ്പതു വര്‍ഷം കൊണ്ടാണ് ഇപ്പോഴത്തെ നിലയിലേക്ക് ഉയര്‍ന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സികളുടെ നഷ്ടസാധ്യതയെപറ്റി അറിയിച്ചിട്ടുണ്ട്.

എന്നാല്‍ സാങ്കല്‍പ്പികമായ ഒരു വസ്തുവിന്റെ മേല്‍ വ്യാപാരം നടത്തുന്നത് നഷ്ടത്തിനേ വഴിവയ്ക്കുകയുള്ളൂവെന്നാണ് ആര്‍.ബി.ഐ. മുന്നറിയിപ്പ്.

Top