എംജി സർവകലാശാല വിസി ഗവർണർക്ക് വിശദീകരണം നല്‍കി

തിരുവനന്തപുരം: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് എംജി സർവകലാശാല വിസി സാബു തോമസ് ഗവർണർക്ക് വിശദീകരണം നൽകി. ഹിയറിങ്ങിന് അവസരം നല്‍കണമെന്നാണ് നല്‍കിയ വിശദീകരണം.

രണ്ട് വിസിമാരും ഒരു മുൻ വിസിയും ഇതിനകം ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്. കേരള സർവകലാശാല വി.സിയായിരുന്ന ഡോ. വി.പി. മഹാദേവൻ പിള്ള കഴിഞ്ഞദിവസമായിരുന്നു ഗവർണർക്ക് വിശദീകരണം നൽകിയത്. വി.സിയാകാൻ വേണ്ട യോഗ്യതകൾ തനിക്കുണ്ടെന്നും സ്ഥാനത്തേക്ക് എത്തിയത് ചട്ടപ്രകാരമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

മുമ്പ് സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടിരുന്നത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്.

Top