തിരുവനന്തപുരം: മെട്രോമാന്‍ ഇ.ശ്രീധരന്‍ നിര്‍ദേശിച്ച വേഗറെയില്‍ പദ്ധതി സിപിഎം ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍. സില്‍വര്‍ലൈന്‍ ഡിപിആറില്‍ സര്‍ക്കാരിനു കടും പിടിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വേഗറെയില്‍ പദ്ധതിയെക്കുറിച്ചുള്ള ഇ.ശ്രീധരന്റെ ബദല്‍ നിര്‍ദേശം ഗൗരവത്തോടെ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന സില്‍വര്‍ലൈന്‍ ഡിപിആര്‍ കേന്ദ്രം തള്ളുകയോ അടിമുടി ഭേദഗതി ആവശ്യപ്പെടുകയോ വേണം. അതുമല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ ഡിപിആര്‍ പിന്‍വലിക്കണം. എന്നാല്‍, ശ്രീധരന്റെ ബദല്‍ നിര്‍ദേശം കേന്ദ്രം അംഗീകരിക്കാനിടയുള്ളതാണെങ്കില്‍, സില്‍വര്‍ലൈന്‍ ഡിപിആര്‍ സംബന്ധിച്ചു കേന്ദ്രം തന്നെ ആദ്യം തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണു സംസ്ഥാന സര്‍ക്കാര്‍.
ബദല്‍ പദ്ധതി നിര്‍ദേശിച്ചു ശ്രീധരന്‍ നല്‍കിയ കുറിപ്പ് ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണതലത്തില്‍ ചര്‍ച്ചയ്ക്കു വച്ചിട്ടില്ല. പരസ്യമായി പ്രതികരിച്ചിട്ടുമില്ല. ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന്റെ സന്ദര്‍ശനവും ശ്രീധരന്റെ ബദല്‍ നിര്‍ദേശവും മുഖ്യമന്ത്രിയുടെ മുന്‍കൂട്ടിയുള്ള അറിവോടെയല്ലെങ്കില്‍, ഇതിനകംതന്നെ തള്ളിപ്പറയേണ്ടതായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി ഇതുസംബന്ധിച്ചു വിശദീകരിച്ചേക്കും.