മുംബൈ: ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വേദി മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കേണ്ട ട്വന്റി 20 ലോകകപ്പ് ഇന്ത്യയിലെ കൊവിഡ് വ്യാപനം കാരണം അനിശ്ചിതത്വത്തിലാണ്. നടത്തിപ്പിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കാന്‍ നാലാഴ്ച സമയം വേണമെന്നാണ് ഐസിസിയെ ബിസിസിഐ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് ഐസിസിയോട് ബിസിസിഐ വ്യക്തമാക്കിയെന്നാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
ഇക്കാര്യത്തില്‍ അനൗദ്യോഗിക അറിയിപ്പ് നല്‍കിയെന്ന് ബിസിസിഐ ഉന്നതനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎഇയും ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റും ടൂര്‍ണമെന്റിന് വേദിയാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് മസ്‌കറ്റില്‍ നടക്കുക. പിന്നീട് ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ നടത്താനാണ് ആലോചിക്കുന്നത്.
ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ അവസാനിച്ച ശേഷമാകും ലോകകപ്പ്. ഇന്ത്യയില്‍ ലോകകപ്പ് നടത്താനാണ് ബിസിസിഐയുടെ ശ്രമമെങ്കിലും ഒക്ടോബറിലെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് ഉറപ്പുനല്‍കാന്‍ കഴിയാത്തതാണ് വെല്ലുവിളി.
എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ഐപിഎല്‍ വേദി ഇന്ത്യക്ക് പുറത്തേക്ക് മാറ്റിയ സാഹചര്യത്തില്‍ ഇരട്ടി ടീമുകളെത്തുന്ന ലോകകപ്പിന്റെ കാര്യത്തില്‍ ബിസിസിഐക്ക് മറിച്ചൊരു തീരുമാനമെടുക്കുക സാധ്യമല്ല.
ഐപിഎല്ലില്‍ ശേഷിക്കുന്ന31 മത്സരങ്ങളാണ് യുഎഇയില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 60 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ 29 കളികള്‍ മാത്രമാണ് ഇന്ത്യയില്‍ വച്ച് പൂര്‍ത്തിയാക്കാനായത്.
നാല് ഫ്രാഞ്ചൈസികളിലെ താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതോടെ മെയ് നാലിന് ഐപിഎല്‍ പതിനാലാം സീസണ്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. യുഎഇയിലെ ടൂര്‍ണമെന്റിനായി ഫ്രാഞ്ചൈസികള്‍ ഇതിനകം തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.