ദില്ലി: സാമ്പത്തിക സംവരണ കേസിൽ സുപ്രിം കോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ അവസാന പ്രവൃത്തി ദിനമാണ് തിങ്കളാഴ്ച്ച.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങൾക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനയുടെ 103-ാം ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിച്ചത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ്. എഴ് ദിവസം തുടർച്ചയായി കേസിൽ കോടതി വാദം കേട്ടു.
സാമ്പത്തിക നിലയുടെ മാത്രം അടിസ്ഥാനത്തിൽ പ്രത്യേക പരിരക്ഷ നൽകുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നാണ് ഹർജിക്കാരുടെ വാദം. സംവരണം ലക്ഷ്യമിടുന്നത് സാമ്പത്തിക ഉന്നമല്ലെന്നും അത് സാമൂഹിക ശാക്തീകരണമാണെന്നും കോടതി വാദത്തിനിടെ പരാമർശിച്ചിരുന്നു. ഭേദഗതി റദ്ദാക്കിയാൽ അത് രാജ്യത്ത് വലിയ ചലനങ്ങളാകും സൃഷ്ടിക്കുക.