നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക ഹർജികളിൽ ഇന്ന് വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ അടക്കം നൽകിയ ഹർജികളിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ജഡ്ജിയെ മാറ്റാൻ വിധിച്ചാൽ അത് ഇത്തരം കേസുകളിൽ നിർണായകമായ ഒരു വഴിത്തിരിവാകുകയും ചെയ്യും. നവംബർ 16 ന് ആണ് കേസിൽ വാദം പൂർത്തിയാക്കി, കോടതി വിധി പറയാൻ മാറ്റിയത്.

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറിയുടെ മുൻകൂർ ജാമ്യാപേക്ഷയിലും ഇന്ന് തീരുമാനം ഉണ്ടാകും. വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് സർക്കാരും നടിയും രംഗത്തെത്തിയത്. ആക്രമത്തിനിരയായ നടിയെ പ്രതിഭാഗം വ്യക്തിഹത്യ നടത്തിയിട്ടും കോടതി ഇടപെട്ടില്ലെന്ന് സർക്കാർ ആരോപിച്ചു. മാനസികമായ തേജോവധത്തെത്തുടർന്ന് വിസ്താരത്തിനിടെ പലവട്ടം കോടതിമുറിയിൽ താൻ പരസ്യമായി പൊട്ടിക്കരഞ്ഞെന്നും നടിയും അറിയിച്ചു.

Top