പിറന്ന ഉടന്‍ അമ്മയുടെ മുഖം ചേര്‍ത്ത്പിടിച്ച് ഉമ്മ നല്‍കുന്ന കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു

ബ്രസീല്‍: പ്രസവശേഷം കുഞ്ഞിനെ കൈയ്യില്‍ എടുക്കുമ്പോള്‍ ഉള്ള അമ്മയുടെ സ്‌നേഹ പ്രകടനമാണ് ലോകത്തെ ഏറ്റവും ആഹ്ലാദകരമായ കാഴ്ച.

എന്നാല്‍, ജനിച്ചയുടന്‍ അമ്മയോട് കുഞ്ഞ് എങ്ങനെയാണ് സ്‌നേഹം പ്രകടിപ്പിക്കുന്ന എന്ന് നാമിതുവരെ ചിന്തിച്ചിട്ടു പോലുമില്ല, അല്ലേ.

കുറച്ച് ദിവസങ്ങളായി ഏവരുടെയും കണ്‍കുളിര്‍പ്പിക്കുന്ന ഒരു കാഴ്ച സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ജനിച്ച് നിമിഷങ്ങള്‍ക്കകം അമ്മയുടെ മുഖത്ത് കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ഒരു പിഞ്ചു കുഞ്ഞ്.

ബ്രസീലില്‍ നിന്നാണ് ആര്‍ക്കും സന്തോഷം പകരുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

ബ്രന്‍ഡ കോയില്‍ഹോ ഡി സൗവ എന്ന 24കാരിയുടെ പെണ്‍കുഞ്ഞിന്റെ ദൃശ്യങ്ങളാണിവ.

കുട്ടിയെ അമ്മയുടെ അരികില്‍ എത്തിച്ചപ്പോള്‍ ഉടന്‍ തന്നെ കുഞ്ഞ് അമ്മയുടെ മുഖത്ത് കെട്ടിപ്പിടിച്ച് തന്റെ മുഖം ചേര്‍ത്തു വച്ച് ഉമ്മ വച്ചു. തുടര്‍ന്ന് നിമിഷങ്ങളോളം അമ്മയെ കെട്ടിപ്പിടിച്ച് കണ്ണുകള്‍ അടച്ച് കുഞ്ഞ് കിടന്നു. ഇടയ്ക്ക് ശബ്ദമുണ്ടാക്കി കരഞ്ഞപ്പോള്‍ ബ്രന്‍ഡ താരാട്ട് പാടി കുഞ്ഞിനെ ഉറക്കി.

തങ്ങളുടെ ഇത്രയും നാളത്തെ അനുഭവത്തില്‍ ജനിച്ചയുടന്‍ കുഞ്ഞ് സ്‌നേഹപ്രകടനം നടത്തുന്നത് ആദ്യത്തെ സംഭവമാണെന്നാണ് ഓപ്പറേഷന്‍ തിയേറ്ററിനുള്ളിലുള്ളവര്‍ പറഞ്ഞത്.

തന്റെ മകളുടെ സ്‌നേഹം കണ്ടിട്ട് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ബ്രന്‍ഡ പറയുന്നത്.

Top