തിരുവനന്തപുരം : മാണിക്ക് മാത്രമല്ല വെള്ളാപ്പള്ളി നടേശനും കുരുക്കൊരുക്കി വിജിലന്‍സ്.
ബാര്‍കോഴ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്‍ മുന്‍ നിലപാട് മാറ്റി തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചതിന് പിന്നാലെ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിന്റെ അന്വേഷണവും വിജിലന്‍സ് വേഗത്തിലാക്കി.
വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്.
പുനലൂര്‍ എസ്എന്‍ കോളേജിന്റെ 50 വാര്‍ഷിക ചടങ്ങില്‍ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി പങ്കെടുത്തതും പിണറായിയെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നതും വിജിലന്‍സ് അന്വേഷണത്തെ ‘ സ്വാധീനിക്കുമോ ‘ എന്ന ആശങ്ക നിലനില്‍ക്കെയാണ് ശക്തമായ ഇടപെടല്‍ നടത്തി വിജിലന്‍സ് ഡയറക്ടര്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്.
വിജിലന്‍സിലെ എല്ലാ കേസുകളും ഡയറക്ടര്‍ എന്ന നിലക്ക് ജേക്കബ് തോമസ് മോണിറ്റര്‍ ചെയ്യുന്നുണ്ടെങ്കിലും മൈക്രോഫിനാന്‍സ് ഉള്‍പ്പെടെയുള്ള സുപ്രധാന കേസുകളില്‍ ശക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ജേക്കബ് തോമസ് അന്വേഷണ സംഘത്തിന് നല്‍കുന്നത്.
ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തില്‍ നിന്ന് എസ് പി സുകേശനെ മാറ്റി
ഡിവൈഎസ്പി നജ്മല്‍ ഹസനെ ഏല്‍പ്പിച്ചത് അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും വിജിലന്‍സ് ഡയറക്ടര്‍ തയ്യാറല്ലെന്നതിന്റെ സൂചനയാണ്.
വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെട്ട മൈക്രോ ഫിനാന്‍സ് കേസില്‍ ജാഗ്രതയോട് കൂടിയുള്ള അന്വേഷണമാണ് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
വിഎസ് അച്യുതാനന്ദനാണ് പരാതിക്കാരന്‍ എന്നതിനാല്‍ തന്നെ കുറ്റമറ്റ രീതിയിലല്ല അന്വേഷണത്തിന്റെ പോക്കെങ്കില്‍ കടുത്ത വിമര്‍ശനവുമായി വിഎസ് തന്നെ രംഗത്ത് വരാന്‍ സാധ്യതയുള്ളതിനാല്‍ ഈ സാഹചര്യം ഒഴിവാക്കനാണ് നിര്‍ദ്ദേശം.
മുഖ്യമന്ത്രി പിണറായിയാകട്ടെ വിജിലന്‍സ് അന്വേഷണത്തില്‍ യാതൊരു ബാഹ്യ ഇടപെടലുകളും നടക്കില്ലന്ന് ഡയറക്ടര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുമുണ്ട്.
കൂട്ടിലടച്ച തത്തയല്ല വിജിലന്‍സ് ഇപ്പോഴെന്ന് ജേക്കബ് തോമസ് തന്നെ പരസ്യമായി പ്രതികരിച്ചതില്‍ മുഖ്യമന്ത്രിയും ഹാപ്പിയാണ്.
ഏതെങ്കിലും മന്ത്രിയോ ഉദ്യോഗസ്ഥരോ വിജിലന്‍സ് അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തില്‍ ഇടപെടല്‍ നടത്തിയാല്‍ കര്‍ശനമായി ‘കൈകാര്യം’ ചെയ്യാനാണ് മുഖ്യമന്ത്രി നേരിട്ട് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്ന നിലപാടിലാണ് അദ്ദേഹം.
അതേസമയം വിജിലന്‍സിലെ എഡിജിപി മുതല്‍ താഴോട്ടുള്ള ഭൂരിപക്ഷ ഉദ്യോഗസ്ഥരും കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നിയോഗിക്കപ്പെട്ടവരായതിനാല്‍ പുതിയ ടീമിനെ ഉടനെ തന്നെ സര്‍ക്കാര്‍ നിയമിക്കുമെന്നാണ് അറിയുന്നത്.
സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ഒരു ലിസ്റ്റ് ഇതിനായി ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഈ ടീം രംഗത്ത് വരുന്നതോടെ വിജിലന്‍സ് കേസുകളിലെ അന്വേഷണം വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ.