കിക്ക് സ്റ്റാര്‍ട്ട് പ്രക്രിയ വഴി വിക്രം ലാന്‍ഡര്‍ വീണ്ടും സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി; ഐഎസ്ആര്‍ഒ

ബെംഗളൂരു: വിക്രം ലാന്‍ഡര്‍ വീണ്ടും ചന്ദ്രോപരിതലത്തില്‍ ”സോഫ്റ്റ് ലാന്‍ഡിംഗ്” നടത്തിയതായി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു. ചന്ദ്രയാന്‍-3 വിജയകരമായി ചന്ദ്രനിലിറങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. വിക്രം ലാന്‍ഡര്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് നീങ്ങിയെന്ന് ഇസ്രോ അറിയിച്ചു. 30 മുതല്‍ 40 സെന്റിമീറ്റര്‍ അകലേയ്ക്കാണ് നീങ്ങിയത്. കിക്ക് സ്റ്റാര്‍ട്ട് പ്രക്രിയ വഴിയാണ് ലാന്‍ഡറിന്റെ നീക്കം. മനുഷ്യദൗത്യത്തിന് പ്രതീക്ഷ നല്‍കുന്ന നീക്കമെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു.

കിക്ക് സ്റ്റാര്‍ട്ട് വഴി പേടകം ഭൂമിയില്‍ തിരിച്ചെത്തിയ്ക്കാന്‍ സാധിക്കുമെന്നും ഇതിന്റെ പരീക്ഷണവും വിജയം കണ്ടെന്ന് ഇസ്രോ അറിയിച്ചു. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ലെ റോവറിന്റെ ദൗത്യം പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചിരുന്നു. റോവറിനെ സുരക്ഷിതസ്ഥാനത്ത് നിര്‍ത്തിയതായും സ്ലീപ്പ് മോഡിലേക്ക് മാറ്റിയതായും അറിയിച്ചു. ചന്ദ്രനില്‍ പകല്‍ അവസാനിച്ചതിനാലാണ് റോവറിനെ ഇതിലേക്ക് മാറ്റിയതെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു.

റോവറിലെ എ.പി.എക്സ്.എസ്, എല്‍.ഐ.ബി.എസ്. പേലോഡുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പേലോഡുകളിലെ വിവരങ്ങള്‍ ലാന്‍ഡര്‍ വഴി ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ പൂര്‍ണ്ണമായി ബാറ്ററി ചാര്‍ജുള്ള റോവറിന്റെ സോളാര്‍ പാനലുകള്‍ അടുത്ത സൂര്യോദയമായ സെപ്റ്റംബര്‍ 22-ന് വെളിച്ചം ലഭിക്കാന്‍ പാകത്തില്‍ ക്രമീകരിച്ചിരിക്കുകയാണ്.

റിസീവര്‍ ഓണ്‍ ആക്കിവെച്ചിരിക്കുകയാണ്. മറ്റൊരുകൂട്ടം ജോലികള്‍ക്കായി വീണ്ടും റോവര്‍ ഉണരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലെങ്കില്‍ ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളുടെ അംബാസിഡറായി അത് എക്കാലവും നിലനില്‍ക്കുമെന്നും ഐ.എസ്.ആര്‍.ഒ. എക്സില്‍ കുറിച്ചു.

Top