ഹരിയാനയിലും പഞ്ചാബിലും വ്യാപക അക്രമം; 30 പേര്‍ കൊല്ലപ്പെട്ടു, മരണ സംഖ്യ ഉയരും

പഞ്ച്കുള: പീഡനക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ ദൈവം ദേര സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിനു വേണ്ടി അനുയായികളായ ലക്ഷങ്ങള്‍ തെരുവിലിറങ്ങിയതോടെ വന്‍ കലാപം പൊട്ടിപുറപ്പെട്ടു.

35 പേരാണ് പൊലീസ് വെടിവയ്പിലും പ്രതിഷേധക്കാരുടെ ആക്രമണത്തിലുമായി ഇതുവരെ കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

400 ഓളം പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇവരില്‍ മിക്കവരും അതീവ ഗുരുതരാവസ്ഥയിലാണ്.

ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ 15 വര്‍ഷം മുന്‍പ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു റാം റഹിം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ കാഴ്ചക്കാരാക്കി അഴിഞ്ഞാടുന്ന ദേരാ സച്ച സൗദ പ്രവര്‍ത്തകര്‍ ഒട്ടേറെ പൊതുമുതലും നശിപ്പിച്ചു. അക്രമികള്‍ റയില്‍വേ സ്റ്റേനുകള്‍ക്കും ട്രെയിനുകള്‍ക്കും തീയിട്ടു. പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വാഹനങ്ങളും പെട്രോള്‍ പമ്പുകളും കലാപകാരികള്‍ അഗ്‌നിക്കിരയാക്കി. അക്രമം വ്യാപിച്ചതിനെ തുടര്‍ന്ന് ഫിറോസ്പുര്‍, ഭട്ടിന്‍ഡ എന്നിവിടങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.

1

വിധി പുറത്തുവന്നയുടന്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ കോടതി പരിസരത്ത് സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തിയിരുന്നെങ്കിലും അതൊന്നും വകവെയ്ക്കാതെ ആയിരുന്നു ആള്‍ദൈവത്തിന്റെ അനുയായികളുടെ ആക്രമണം.

പഞ്ച്കുളയുടെ വിവിധ മേഖലകളിലെ വൈദ്യുത ബന്ധവും ഇന്റര്‍നെറ്റ് കണക്ഷനും വിച്ഛേദിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയുമടക്കമുള്ളവ ഉപയോഗിച്ചു. പഞ്ചാബിലെ മാന്‍സയില്‍ പ്രതിഷേധക്കാര്‍ നിരവധി പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.

ഏതാണ്ട് 200 ഓളം സ്ഥലങ്ങളില്‍ ഇതുവരെ അക്രമം നടന്നതായാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. എന്നാല്‍ ഇപ്പോള്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം തകിടം മറിച്ച് ആക്രമണം പഞ്ചാബ്, ഹരിയാന, ഡല്‍ഹി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. പൊലീസിന്റെ മുഴുവന്‍ ജാഗ്രത നടപടികളും തകര്‍ത്തെറിഞ്ഞാണ് ആക്രമണം വ്യാപിക്കുന്നത്.

ഗുര്‍മീത് കുറ്റക്കാരനെന്ന് വിധിച്ച പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി ഇയാളുടെ 60,000 ത്തോളം വരുന്ന അനുയായികള്‍ വളഞ്ഞതിനെ തുടര്‍ന്ന് ഇവിടെയും വലിയ സംഘര്‍ഷമുണ്ടായി. ഈ സാഹചര്യത്തില്‍ സൈന്യം ഗുര്‍മീതിനെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം ജയിലിലേക്ക് മാറ്റുകയായിരുന്നു.

2

അതേസമയം അനുയായികള്‍ അക്രമം അഴിച്ചു വിട്ടതിനെ തുടര്‍ന്ന് ഗുര്‍മീത് റാം റഹീം സിങിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഹൈക്കോടതി
ഉത്തരവിട്ടിട്ടുണ്ട്. കോടതി വിധി വന്നതിനു പിന്നാലെ ആള്‍ദൈവ ഭക്തര്‍ അഴിച്ചുവിട്ട അക്രമത്തിലുണ്ടായ നഷ്ടം നികത്താനാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എത്ര കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന വിവരം ഇപ്പോള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും രാജ്യം അടുത്ത കാലത്തൊന്നും കാണാത്ത തരത്തിലുള്ള വലിയ നാശനഷ്ടമാണ് ഇതിനകം ഉണ്ടായിട്ടുള്ളത്.

ആക്രമണം ഇങ്ങനെ തുടരുന്ന സാഹചര്യത്തില്‍ ബലാത്സംഗക്കേസിലുള്ള ശിക്ഷ ഗുര്‍മീതിന് തിങ്കളാഴ്ച കോടതി പ്രഖ്യാപിച്ചാല്‍ എന്തായിരിക്കും സംഭവിക്കുകയെന്ന കാര്യത്തിലും പരക്കെ ആശങ്കയുണ്ട്.

മുഴുവന്‍ ദേര ആശ്രമങ്ങളും അടച്ചുപൂട്ടി അനുയായികള്‍ ഒഴിഞ്ഞു പോകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പഞ്ച്കുളയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അര്‍ധസൈനിക വിഭാഗത്തിന്റെ സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അക്രമം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉന്നതതലയോഗം വിളിച്ചു. സംസ്ഥാനങ്ങളിലെ ക്രമസമാധാന നില സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു. ദേശീയ സുരക്ഷാ ഏജന്‍സിയുമായും ആഭ്യന്തര സെക്രട്ടറിയുമായും പ്രധാനമന്ത്രി അടിയന്തിര ചര്‍ച്ച നടത്തി.

അക്രമങ്ങളെ അപലപിച്ച് രാഷ്ട്രപതിയും രംഗത്തു വന്നു. സമാധാനം പാലിക്കണമെന്ന് അദ്ദേഹവും ജനങ്ങളോട് ആഹ്വാനം ചെയ്തു.

അക്രമത്തിന്റെ മറ്റ് വിശദാംശങ്ങള്‍:

* പഞ്ചാബ് ഹരിയാന വഴിയുള്ള 250 ട്രെയിനുകള്‍ റദ്ദാക്കി.

* ജ്യോതിനഗറിലും ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും ബസുകള്‍ക്ക് തീയിട്ടു

* ഡല്‍ഹി ആനന്ദ് വിഹാറില്‍ രണ്ട് ട്രെയിന്‍ ബോഗികള്‍ അഗ്‌നിക്കിരയാക്കി

* ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചു.

* പഞ്ചാബിലെ 10 ജില്ലകളിലും ഹരിയാനയിലെ മൂന്ന് നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

Top