കോടതിവിധിക്കെതിരായ അക്രമങ്ങള്‍ അപലപനീയം, ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

Ram Nath Kovind

ചണ്ഡിഗഡ്: പീഡനകേസില്‍ ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിലും കലാപത്തിലും ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

കോടതി വിധി പുറത്തുവന്നതിനു പിന്നാലെയുണ്ടാകുന്ന അക്രമങ്ങളും പൊതുമുതല്‍ നശിപ്പിക്കലും അപലപനീയമാണെന്നും എല്ലാ പൗരന്‍മാരും സമാധാനം കാത്തുസൂക്ഷിക്കണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആവശ്യപ്പെട്ടു. ട്വിറ്ററിലായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.

ആള്‍ദൈവത്തിനെതിരായ വിധി വന്നതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 30 പേര്‍ മരിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 250-ല്‍ അധികംപേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. വിധി പ്രസ്താവം വന്നതിനുപിന്നാലെ ഗുര്‍മീത് റാം അനൂകൂലികള്‍ പോലീസ് സ്റ്റേഷനുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും തീയിട്ടു.

ഹരിയാനയിലും പഞ്ചാബിലും ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും റാം റഹീം അനുകൂലികള്‍ കലാപമുണ്ടാക്കുകയാണ്. കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമം ഉണ്ടായി. ദേശീയ ചാനലുകളുടെ മൂന്ന് ഓബി വാനുകള്‍ (തത്സമയ ദൃശ്യങ്ങള്‍ നല്‍കുന്ന വാഹനം) അഗ്‌നിക്കിരയാക്കി.

15 വര്‍ഷം മുമ്പ് ഗുര്‍മീതിന്റെ അനുയായിയായ ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത്. പരാതിക്കാരിയായ സ്ത്രീ അന്ന് പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയ്, ചണ്ഡിഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

തുടര്‍ന്നാണ് സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തിനെതിരെ അന്വേഷണമുണ്ടായത്. ഹരിയാനയിലെ സിര്‍സ പട്ടണത്തില്‍വച്ച് അനുയായിയായ സ്ത്രീയെ ഇയാള്‍ ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി.

എന്നാല്‍, തനിക്കു ലൈംഗിക ശേഷിയില്ലെന്നായിരുന്നു കോടതിയില്‍ ഗുര്‍മീത് റാം റഹീം അവകാശപ്പെട്ടത്.

Top