ട്രെയിനിന് നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു; കാസര്‍കോട് നേത്രാവതി എക്‌സ്പ്രസിന് നേരെയും കല്ലേറ്

കാസര്‍കോട്: ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്കുള്ള 16346 നേത്രാവതി എക്‌സ്പ്രസിന് നേരെ കാസര്‍കോട് വച്ചാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.45 ന് കുമ്പളക്കും ഉപ്പളയ്ക്കും ഇടയിലാണ് സംഭവം. ആക്രമണത്തില്‍ എസ് 2 കോച്ചിന്റെ ഒരു ചില്ല് തകര്‍ന്നു. സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

അതേസമയം സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് തുടര്‍ക്കഥയാവുകയാണ്. ആഗസ്റ്റ് 16 ന് കണ്ണൂരില്‍ വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞ പ്രതിയെ മാഹിയില്‍ വച്ച് പിടിയിരുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസാണ് അറസ്റ്റിലായത്.

ആഗസ്റ്റ് 24 ന് തലശ്ശേരി സ്റ്റേഷനില്‍ ഏറനാട് എക്‌സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു. രാവിലെ 10.30 ഓടെ തലശ്ശേരിയിലെത്തിയ ഏറനാട് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ട്രെയിനില്‍ കച്ചവടം നടത്തുന്ന കോഴിക്കോട് കക്കോടി സ്വദേശി ഫാസിലും അഴിയൂര്‍ സ്വദേശി മൊയ്തുവും തമ്മിലുണ്ടായ തര്‍ക്കമാണ് കല്ലേറിലേക്ക് നയിച്ചത്. ഫാസില്‍ മൊയ്തുവിന് നേരെയെറിഞ്ഞ കല്ല് ട്രെയിനില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് വടകരയില്‍ നിന്നും പിടികൂടിയ ഇവരെ ആര്‍പിഎഫിന് കൈമാറി.

അതിന് മുമ്പ്, രാജധാനി എക്‌സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായിയിരുന്നു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനും കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്. വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു വന്ദേ ഭാരത് എക്‌സ്പ്രസ്.

Top