ശബ്ദ സന്ദേശവും ഒറ്റത്തവണ മാത്രം; വ്യൂ വണ്‍സ് വോയിസ് മെസേജ് ഫീച്ചര്‍ വരുന്നു

നിരവധി പുതിയ ഫീച്ചറുകളാണ് അടുത്തിടെയായി വാട്‌സ്ആപ്പ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വാട്‌സ്ആപ്പ് വ്യൂ വണ്‍സ് വോയിസ് മെസേജ് എന്ന ഫീച്ചറാണ് പുതിയതായി വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി എത്തിക്കുന്നത്. വാട്‌സ്ആപ്പ് ഉപയോഗം കൂടുതല്‍ കാര്യക്ഷമവും, എളുപ്പവുമാക്കാന്‍ സഹായിക്കുന്ന വിധത്തിലാണ് പുതിയ ഫീച്ചറുകള്‍ എല്ലാം എത്തുന്നതെന്നത് ശ്രദ്ധേയമാണ്.

വ്യൂ വണ്‍സ് ഫീച്ചര്‍ നേരത്തെ തന്നെ വാട്‌സ്ആപ്പില്‍ ഉണ്ടായിരുന്ന ഒന്നാണ്. എന്നാല്‍ ഇത് വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് വിപുലപ്പെടുത്തി വോയിസ് മെസേജിനും വ്യൂ വണ്‍സ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പില്‍ അയയ്ക്കുന്ന ഇമേജുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് വാട്‌സ്ആപ്പ് ആദ്യം ഇത്തരമൊരു ഫീച്ചര്‍ അവതരിപ്പിച്ചത്. ഇങ്ങനെ അയയ്ക്കുന്ന ഫോട്ടോകളോ വീഡിയോകളോ സ്‌ക്രീന്‍ഷോട്ട് എടുത്ത് സൂക്ഷിക്കാതിരിക്കാനുള്ള സജ്ജീകരണവും വാട്‌സ്ആപ്പ് പിന്നീട് കൊണ്ടുവന്നു.

ഇത്തരത്തില്‍ വ്യൂ വണ്‍സ് ഫീച്ചര്‍ ഉപയോഗിച്ച് അയയ്ക്കുന്ന വോയിസ് മെസേജുകള്‍ അത് സ്വീകരിക്കുന്ന ആള്‍ക്ക് ഒരു തവണ മാത്രമേ കേള്‍ക്കാന്‍ സാധിക്കൂ. ഇത്തരം മെസേജുകള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല. വാട്‌സ്ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ചില ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. വ്യൂ വണ്‍ മോഡ് പ്രവര്‍ത്തനക്ഷമമാക്കി വോയ്സ് നോട്ട് അയച്ച ശേഷം, നിങ്ങള്‍ക്ക് അത് കേള്‍ക്കാന്‍ കഴിയില്ല, കൂടാതെ ആദ്യ അവസരം നഷ്ടപ്പെടുത്തിയാല്‍ സ്വീകര്‍ത്താവിനും പിന്നീട് ഈ വോയ്സ് നോട്ട് കേള്‍ക്കാന്‍ കഴിയില്ല.

Top