പശ്ചിമബംഗാളില്‍ നിന്നും 14.5 കോടി രൂപയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിന്നും 14.5 കോടി രൂപയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടി. ബീഹാര്‍ അതിര്‍ത്തി വഴി പശ്ചിമ ബംഗാളിലേക്ക് കൊണ്ടുവരികയായിരുന്ന 2.9 കിലോ ബ്രൗണ്‍ ഷുഗര്‍ ആണ് പിടികൂടിയത്.

പശ്ചിമ ബംഗാളിലെ ഡാര്‍ജലിങ് ജില്ലയില്‍ മുരാരിഗച്ച് ചെക്ക് പോസ്റ്റില്‍ നടന്ന പരിശോധനയ്ക്കിടെയായിരുന്നു ഇവ കണ്ടെത്തിയത്.

സംഭവത്തില്‍ ഭുലി ബിബി, ബുദ്ധദേവ് ബിശ്വാസ് എന്നിവര്‍ പിടിയിലായിട്ടുണ്ട്.

ആവശ്യക്കാര്‍ക്ക് ഇവര്‍ നേരിട്ട് വിതരണം ചെയ്യുകയായിരുന്നു പതിവ്. സിലിഗുരിയിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണിതെന്ന് പൊലീസ് പറഞ്ഞു.

വന്‍ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണിവര്‍. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

ബിഹാറിലെ കൃഷ്ണഗഞ്ച് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് മുരാരിഗച്ച്. പിടിയിലായ രണ്ടുപേരും ഡാര്‍ജലിങ് സ്വദേശികളാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Top