ന്യൂഡല്‍ഹി: ഡല്‍ഹിക്ക് ആശ്വാസമായി യമുനയിലെ ജലനിരപ്പ് താഴുന്നു. യമുന നദിയില്‍ ജലനിരപ്പ് അല്‍പം കുറഞ്ഞത് ജനങ്ങള്‍ക്ക് ആശ്വാസമായെങ്കിലും നഗരത്തിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. എന്നാല്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം. രണ്ട് ദിവസം ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം ഡല്‍ഹിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. യമുനാ നദിയിലെ ജലനിരപ്പ് നേരിയതോതില്‍ കുറയുമ്പോഴും ഡല്‍ഹി വന്‍ പ്രളയ ഭീതിയിലാണ്. ഐടിഒ ചെങ്കോട്ട സുപ്രിംകോടതി അടക്കമുള്ള സുപ്രധാന മേഖലകള്‍ വെള്ളത്തിന് അടിയില്‍ തന്നെയാണ് ഉള്ളത്. കശ്മീരി ഗെയ്റ്റ്, മഹാത്മാഗാന്ധി മാര്‍ഗ് അടക്കമുള്ള സ്ഥലങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നത് ഗതാഗതത്തെ സാരമായി ബാധിച്ചു.
പ്രധാന റോഡുകള്‍ പലതും അടച്ചിട്ടിരിക്കുകയാണ്, ഓഖ് ലയിലെ ജലശുദ്ധീകരണ പ്ലാന്റ് സന്ദര്‍ശിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പ്ലാന്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. പ്രളയം നേരിട്ട് ബാധിച്ച 24798 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വടക്ക് കിഴക്കിന് ഡല്‍ഹിയില്‍ വെള്ളക്കെട്ടില്‍ മൂന്നു കുട്ടികള്‍ മരിച്ചു.