The water level rose to141.3 feet in Mullapperiyar dam

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. തേക്കടി, കുമിളി, പെരിയാര്‍ എന്നിവിടങ്ങളില്‍ ഇന്നലെയുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്.

അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തു താമസിക്കുന്നവര്‍ക്ക് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ശനിയാഴ്ച രാത്രിയും പദ്ധതിപ്രദേശത്ത് മഴ ശക്തമായി പെയ്തിരുന്നു. ഇന്നും നാളെയും ഇവിടെ മഴ ശക്തമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മഴ ശക്തമായാല്‍ ജലനിരപ്പുപെട്ടന്ന് ഉയരും. ദുരന്തനിവാരണസേന പെരിയാര്‍ തീരമേഖലകളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, സുപ്രീംകോടതി വിധി അനുവദിച്ച 142 അടിയിലെത്താതെ അനങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് തമിഴ്‌നാട്. മേല്‍നോട്ടസമിതിയുടെ നിര്‍ദേശാനുസരണം ഉപസമിതിയുടെ ഡാം പരിശോധന ഇന്നും തുടരും.

അതേസമയം, ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ഏറ്റവും ആദ്യം ബാധിക്കുന്ന വണ്ടിപ്പെരിയാറിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു. ഇവിടെ 129 കുടുംബങ്ങളാണ് ഉള്ളത്. അത്യാവാശ്യമെന്നുകണ്ടാല്‍ എന്‍.സി.സി., എന്‍.എസ്.എസ്. പ്രവര്‍ത്തകരേയും രംഗത്ത് എത്തിക്കാനാണ് തീരുമാനം. സുരക്ഷാ പ്രവര്‍ത്തനത്തിനായി ദുരന്ത നിവാരണ സേനയും പീരുമേട് താലുക്കില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Top