‘വണങ്കാന്‍’ എന്ന ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും ഒരുപാട് ശ്രദ്ധ നേടിയ ഒന്നാണ്. ചിത്രത്തില്‍ നിന്നുള്ള സൂര്യയുടെ പിന്‍മാറ്റവും തുടര്‍ന്ന് പ്രചരിച്ച വാര്‍ത്തകളും മറ്റും നിരവധി ചര്‍ച്ചകള്‍ക്ക് വഴിവച്ചു. സംവിധായകന്‍ ബാലയുമായി ഒത്തു പോകാന്‍ താരത്തിന് സാധിക്കാത്തതിനാലാണ് നിര്‍മ്മാതാവ് കൂടിയായ സൂര്യ ചിത്രം വേണ്ടെന്നു വെച്ചത്, സെറ്റില്‍ വച്ച് സൂര്യയെ ബാല തല്ലിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാലു എന്ന മാധ്യമ പ്രവര്‍ത്തകന്‍ വിഷയത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പിതാമഹനു ശേഷം ആദ്യമായി ബാലയും സൂര്യയും ഒന്നിക്കുന്നു എന്നതായിരുന്നു വണങ്കാന്റെ പ്രത്യേകത. എന്നാല്‍ ചിത്രത്തില്‍ സംവിധായകന്‍ ബാല സൂര്യയോട് പെരുമാറിയ രീതി വളരെ കടുത്തതായിരുന്നു. കഥ എന്താണെന്ന് പറയാതെ ഷൂട്ടിങ്ങ് ആരംഭിച്ച അന്ന് മുതല്‍ കടുത്ത പരിശീലനമായിരുന്നു. താരത്തെ വെയിലത്ത് ഒരുപാട് നേരം നിര്‍ത്തി എന്നൊക്കെയാണ് മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നത്.
സൂര്യ ഒടുവില്‍ ചിത്രത്തിന്റെ കഥ എന്താണെന്ന് സംവിധായകനോട് ചോദിച്ചത് അദ്ദേഹത്തെ ചൊടിപ്പിച്ചതായും അടുത്ത ദിവസം മുതല്‍ കടുത്ത പരിശീലനത്തിന്റെ ഭാഗമായി സൂര്യയെ ബീച്ചില്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ ചെരുപ്പിടാതെ നടത്തിച്ചു. നൂറുകണക്കിന് ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മുന്നില്‍ വച്ച് ചീത്ത വിളിച്ചു. പോസ്റ്റ് പ്രൊഡക്ഷനും മറ്റുമായി നാല്‍പത് ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. കോടികള്‍ സൂര്യയ്ക്കു ചെലവാകുകയും ചെയ്തു. എന്നാലും ഒട്ടും ഒത്തു പോകാന്‍ സാധിക്കാത്തതിനാലാണ് സൂര്യ ചിത്രത്തില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ സംവിധായകന്‍ ബാല സൂര്യയെ തല്ലി എന്ന് പറയുന്നത് കെട്ടു കഥയാണെന്നും മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു. ഇതോടെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യാനിരുന്ന മമിത ബൈജു ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. മമിതയ്ക്കു പുറമെ നായികാ വേഷം കൈകാര്യം ചെയ്യേണ്ടിയിരുന്ന കൃതി ഷെട്ടിയും ചിത്രം വേണ്ടെന്നു വെച്ചു എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നത്.
സൂര്യ പിന്മാറിയതോടെ അരുണ്‍ വിജയെ നായകനാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബാലയുടെ ബി സ്റ്റുഡിയോസും സുരേഷ് കാമാക്ഷിയുടെ വി ഹൗസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് വണങ്കാന്‍ നിര്‍മാണം. ചിത്രത്തിന്റെ ട്രെയിലര്‍ ദിവസങ്ങള്‍ക്കു മുന്നേയാണ് റിലീസായത്.