ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.bjp.org ഹാക്കര്‍മാര്‍ തകര്‍ത്തിട്ട് പത്തു ദിവസങ്ങള്‍ പിന്നിടുമ്പോഴും വെബ്‌സൈറ്റ് തിരിച്ചു കൊണ്ടു വരാന്‍ ബിജെപി ഐടി വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. ആരാണ് ഹാക്ക് ചെയ്തതെന്നോ എന്തൊക്കെ വിവരങ്ങള്‍ നഷ്ടപ്പെട്ടുവെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
മാര്‍ച്ച് 5 ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ആണ് പാര്‍ട്ടിയുടെ ഔദ്യോഗിക സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. അടുത്തിടെ ഓസ്‌കര്‍ പുരസ്‌കാരം നേടിയ ചിത്രത്തിന്റെ ട്രെയിലര്‍ പോസ്റ്റ് ചെയ്തതിനൊപ്പം മോശമായ ഭാഷയില്‍ ഒരു പോസ്റ്ററുമാണ് സൈറ്റില്‍ ആദ്യം കാണപ്പെട്ടത്. എന്നാല്‍ 11.45 മുതല്‍ ഇത് അപ്രത്യക്ഷമായി സൈറ്റില്‍ എറര്‍ സന്ദേശം കാണിക്കാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് തിരിച്ച് എത്തുമെന്ന സന്ദേശവും സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
എന്നാല്‍ സൈറ്റ് ഹാക്ക് ചെയ്തതിലുപരി മിസ് കോള്‍ ക്യാമ്പയിനിലെ നമ്പറുകളും വോട്ടര്‍ രജിസ്‌ട്രേഷന്‍ ഡാറ്റയും സൈറ്റില്‍ സൂക്ഷിച്ചിരുന്നു. ഇതനുസരിച്ച് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പ്രശ്‌നം കൂടിയാണിത്. ഡിഫേസിംഗിനെക്കാള്‍ ഗുരുതരമായ പ്രശ്‌നമാണിതെന്നാണ് വിദഗ്ദരുടെ അഭിപ്രായം.