പാര്‍ലമെന്റ് ശീതകാല സമ്മേളനം ‘ഡിസംബര്‍ 15’ മുതല്‍ ആരംഭിക്കുമെന്നു സൂചന

ന്യൂഡല്‍ഹി: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ചു വരെ പാര്‍ലമെന്റ് ശീതകാല സമ്മേളനം ചേരുമെന്നു സൂചന.

ശീതകാല സമ്മേളനം സര്‍ക്കാര്‍ വൈകിയ്ക്കുകയാണെന്നു ആരോപിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

അഴിമതി ആരോപണങ്ങളെക്കുറിച്ചും നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി., റഫേല്‍ കരാര്‍, അമിത് ഷായുടെ മകനെതിരായ ആരോപണം എന്നിവയെകുറിച്ചു മറുപടി നല്‍കാന്‍ കഴിയാത്തതിനാലുമാണു സര്‍ക്കാര്‍ സമ്മേളനം വിളിച്ചു ചേര്‍ക്കാത്തതെന്നു കോണ്‍ഗ്രസ്സ് ആരോപിച്ചു.

ഇത്തരം ചര്‍ച്ചകള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഭയക്കുന്നുണ്ടെന്നും കോണ്‍ഗ്രസ്സ് വ്യക്തമാക്കിയിരുന്നു.

മോദി ‘ബ്രഹ്മാവാണ്’ അദ്ദഹമാണ് എല്ലാം സൃഷ്ടിക്കുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം എന്നാരംഭിക്കുമെന്ന് അദ്ദേഹത്തിനു മാത്രമേ അറിയൂ എന്നു ഖാര്‍ഗേ പരിഹസിച്ചിരുന്നു.

എന്നാല്‍ പാര്‍ലമെന്റ് സമ്മേളിക്കാത്തതില്‍ അസാധാരണമായി ഒന്നുമില്ലെന്നും ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചിരുന്നു.

Top