റിയാദ്: സൗദി അറേബ്യയില്‍ നിലവിലുള്ള കുടുംബ ലെവി ഉള്‍പ്പടെയുള്ള എല്ലാ നികുതികളും പിന്‍വലിച്ചുവെന്നത് വ്യാജ പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ വ്യാപിക്കുകയാണ്. ആശ്രിത വിസയില്‍ പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കേ ലെവി നല്‍കേണ്ടതുള്ളൂ എന്നും തൊഴിലാളികളുടെ ലെവി വര്‍ഷം 4800 റിയാലായി ചുരുക്കി എന്നും സന്ദേശത്തില്‍ പറയുന്നു.
എന്നാല്‍, സൗദി അറേബ്യയില്‍ പുതിയതായി നിലവില്‍ വന്ന ഒരു നിയമവും പിന്‍വലിക്കുകയോ മരവിപ്പിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം വിശദാശംങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. അറിഞ്ഞും അറിയാതെയും ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ പങ്കാളികളാകരുതെന്ന് മന്ത്രാലയങ്ങള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് സൗദി അറേബ്യയില്‍ സൈബര്‍ കുറ്റമാണ്. നിയമങ്ങള്‍ നിലവില്‍ വരുന്നതും പിന്‍വലിക്കുന്നതും വിവിധ വകുപ്പുകളുടെ വെബ്‌സൈറ്റില്‍ അതാത് സമയത്ത് അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെയാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.
ലെവി ഉള്‍പ്പടെയുള്ള നികുതികളില്‍ ഏതെങ്കിലും രീതിയില്‍ മാറ്റങ്ങളുണ്ടാകുകയാണെങ്കില്‍ മന്ത്രാലയത്തിന്റെ വെബ്സെറ്റില്‍ അത് പരസ്യപ്പെടുത്തും. തൊഴില്‍ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വിവരം പങ്കുവയ്ക്കും.