മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ച ആണ്‍സുഹൃത്തിന് നേരെ യുവതിയുടെ ആസിഡാക്രമണം. 80 ശതമാനം പൊള്ളലേറ്റ യുവാവ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഖണ്ഡാരി പ്രദേശത്താണ് സംഭവം നടന്നത്.
ഖസാഞ്ച് ജില്ലയിലെ ദേവേന്ദ്ര രാജ്പുതാണ്(28) മരിച്ചത്. ഓറിയ ജില്ലയിലുള്ള സോനം പാണ്ഡെ എന്ന വിവാഹിതയായ യുവതിയുമായി ദേവേന്ദ്ര പ്രണയത്തിലായിരുന്നു. ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്യുകയായിരുന്നു ഇവര്‍. പിന്നീട് ജോലി സ്ഥലം മാറിയപ്പോഴും ഇവര്‍ പ്രണയബന്ധം തുടര്‍ന്നുകൊണ്ടിരുന്നു.
ഖണ്ഡാരിയിലെ വാടക വീട്ടില്‍ ഒറ്റക്കാണ് സോനയുടെ താമസം. ഭര്‍ത്താവും പ്രായപൂര്‍ത്തിയാകാത്ത മകളും വേറൊരു വീട്ടിലും. ഖണ്ഡാരിയില് ജോലി ലഭിച്ചതിനാല്‍ ദേവന്ദ്ര ഇവിടേക്ക് താമസം മാറി. ഇതിനിടെ വീട്ടുകാര്‍ ഏപ്രില്‍ 28ന് ദേവേന്ദ്രയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു.
ഇതറിഞ്ഞ സോന അസ്വസ്ഥയായി. വീട്ടിലെ ഫാന്‍ നന്നാക്കാനുണ്ടെന്ന് പറഞ്ഞ് വ്യാഴാഴ്ച രാവിലെ ദേവേന്ദ്രയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സോനം വിവാഹത്തെക്കുറിച്ച് സംസാരിച്ചു. ഇത് വാക്ക് തര്‍ക്കത്തില്‍ കലാശിക്കുകയും ദേവേന്ദ്രക്ക് നേരെ സോനം ആസിഡെറിയുകയുമായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം ദേവേന്ദ്ര മരിക്കുകയും ചെയ്തു. സോനത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആസിഡാക്രമണത്തില്‍ സോനത്തിനും പൊള്ളലേറ്റിട്ടുണ്ട്. സോനം ആശുപത്രിയില്‍ ചികിത്സയിലാണ്.