തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞ വാക്കുകള്‍ ബി.എസ്. യെഡിയൂരപ്പയക്ക് തിരിച്ചടി

yediyoorappa

ബെളഗാവി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞ വാക്കുകള്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ബി.എസ്. യെഡിയൂരപ്പയക്ക് തിരിച്ചടിയാകുന്നു. ആരെങ്കിലും വോട്ടു ചെയ്യുന്നില്ലെന്നു വ്യക്തമാകുന്ന ഉടന്‍തന്നെ അവരുടെ വീട്ടിലെത്തി കൈയും കാലും കെട്ടി കിട്ടൂരിലെ ബിജെപി സ്ഥാനാര്‍ഥിയായ മഹാന്തേഷ് ദോഡഗൗഡര്‍ക്ക് അനുകൂലമായി വോട്ട് ചെയ്യിക്കണമെന്ന് യെഡിയൂരപ്പ പറഞ്ഞു. ബെളഗാവിയില്‍ നടന്ന പ്രചാരണത്തിനിടെയാണ് യെഡിയൂരപ്പ പ്രവര്‍ത്തകരോട് പറഞ്ഞത്.

പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ച ഈ പരാമര്‍ശത്തിനുപിന്നാലെ തന്നെ കോണ്‍ഗ്രസ് യെഡിയൂരപ്പയ്‌ക്കെതിരെ രംഗത്തെത്തി. കന്നഡിഗരുടെ കൈയില്‍നിന്നും പരാജയം രുചിക്കുകയാണെന്ന ചിന്തയില്‍നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ പ്രസ്താവനയെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. ജനാധിപത്യത്തെ അപമാനിക്കുകയും അതിലെ വോട്ടര്‍മാരെ ഭയപ്പെടുത്തുകയുമാണു ബിജെപി ചെയ്യുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

പ്രസ്താവന വിവാദമായതിന്റെ പശ്ചാത്തലത്തില്‍ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നു യെഡിയൂരപ്പ പിന്നീടു കന്നഡ ഭാഷയില്‍ ട്വീറ്റ് ചെയ്തു. വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കണമെന്നതാണു താന്‍ ഉദ്ദേശിച്ചിരുന്നതെന്നും ആ വാക്കുകള്‍ ഉദ്ധരിച്ചു യെഡിയൂരപ്പ പറഞ്ഞു. താന്‍ കര്‍ഷക ഗ്രാമത്തില്‍നിന്നാണു വരുന്നത്. ഇങ്ങനെയാണു ഞങ്ങള്‍ ഗ്രാമീണര്‍ സംസാരിക്കുന്നത്. അതു ചിലര്‍ക്കു പിടിക്കില്ലെന്നും യെഡിയൂരപ്പ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ പ്രചാരണത്തിനെത്തി യെഡിയൂരപ്പയെ പുകഴ്ത്തിയ അന്നുതന്നെയാണ് ഈ വിവാദവും ഉയര്‍ന്നത്. തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് മോശം പദപ്രയോഗം നടത്തുകയാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു. യെഡിയൂരപ്പ പാവങ്ങളുടെ വീടു സന്ദര്‍ശിക്കുന്നതിനെതിരെയും കോണ്‍ഗ്രസ് പരിഹസിച്ചു. ഇതു ജനങ്ങള്‍ക്ക് അപമാനമാണെന്നുംഅംഗീകരിക്കരുതെന്നും മോദി ശിവമോഗയിലെ റാലിയില്‍ പറഞ്ഞു.

Top