‘മഹതി, വിധവ എന്നീ വാക്കുകൾ അൺപാർലമെന്ററി അല്ല’; ന്യായീകരിച്ച് വി.എൻ വാസവൻ

വടകര എം.എൽ.എ കെ.കെ രമയ്‌ക്കെതിരായ വിവാദ പരാമർശത്തിൽ മുൻമന്ത്രി എം.എം മണിയെ ന്യായീകരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ. മഹതി, വിധവ എന്നീ വാക്കുകൾ അൺപാർലമെന്ററിയല്ല. മണി അൺപാർലമെന്ററി ആയി ഒന്നും പറഞ്ഞിട്ടില്ലെന്നും വി.എൻ വാസവൻ പറഞ്ഞു. എം.എം മണിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നാടൻ പ്രയോഗമെന്ന നിലയിലാണ് വിധവ എന്നു പറഞ്ഞത്. തെറിയോ ചീത്തയോ അല്ലയത്. മണി ചിലപ്പോൾ ബെല്ലും ബ്രേക്കും ഇല്ലാതെ ചിലത് പറയാറുണ്ടെന്നും എന്നാൽ ഈ നിയമസഭ സമ്മേളനത്തിൽ അങ്ങനെ മണി സംസാരിച്ചിട്ടില്ലെന്നും വി.എൻ വാസവൻ വ്യക്തമാക്കി.

വ്യാഴാഴ്ച നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് കെ.കെ. രമയ്‌ക്കെതിരെ എം.എം. മണി വിവാദ പരാമർശം ഉന്നയിച്ചത്. മണിയുടെ പരാമർശം ഇങ്ങനെയായിരുന്നു ”ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എൽ.ഡി.എഫ്. സർക്കാരിന് എതിരേ, ഞാൻ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല” . എം.എം. മണിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ നിരയിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്.

Top