തൊഴിലാളികൾ ഹാജർ രേഖപ്പെടുത്തി മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ പോയി;തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരെ പരാതി

പത്തനംതിട്ട: തൊഴിലുറപ്പ് തൊഴിലാളികള്‍ തൊഴില്‍ സ്ഥലത്ത് എത്തി ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ഡിവൈഎഫ്‌ഐ യുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയതായി പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതിനേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തൊഴില്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. സിപിഐഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങലയില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ട് പോയതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

കോണ്‍ഗ്രസ് പരാതിപ്പെട്ടതിനേത്തുടര്‍ന്ന് ജോയിന്റ് ബിഡിഒ നിസാര്‍, ബ്ലോക്ക് എ ഇ വിഷ്ണു, വിഇഒ ദീപ്തി, എന്‍ആര്‍ഇ ജി എസ് എ ഇ അഭിജിത് എന്നിവര്‍ തൊഴിലിടത്ത് പരിശോധനക്കെത്തി. തൊഴിലിടം ശൂന്യമായി കിടക്കുന്നതാണ് ഉദ്യോഗസ്ഥര്‍ കണ്ടത്. മേട്രല്‍നെ ഫോണില്‍ വിളിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരണം തേടി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീരാജ്, കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി രതീഷ് സദാനന്ദന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പള്ളിയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ പാപ്പാടിക്കുന്ന് വടക്കേ ചരുവ്, മന്ദിരം മുക്ക് വടക്കേ ചരുവ്, ചേപ്പാട്ട് വയല്‍ എന്നീ മൂന്ന് തൊഴിലുറപ്പ് പണിയിടങ്ങളില്‍ നിന്ന് നാല്‍പ്പതോളം തൊഴിലുറപ്പ് തൊഴിലാളികളെ സിപിഐഎം പ്രവര്‍ത്തകര്‍ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാനായി കൊണ്ട് പോയെന്നാണ് കോണ്‍ഗ്രസ് ആരോപണം. തൊഴിലിടത്ത് രാവിലെ എത്തിയ ശേഷം എന്‍എംഎംഎസ് ആപ്പില്‍ തൊഴിലാളികളുടെ ഫോട്ടോ സഹിതം ഹാജര്‍ രേഖപ്പെടുത്തി. തൊഴിലുറപ്പ് തൊഴിലാളികളെ നിര്‍ബന്ധിച്ചാണ് ഡിവൈഎഫ്‌ഐ യുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ കൊണ്ട് പോയതെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

Top