വാഷിങ്ടണ്‍: ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം താല്‍കാലികമാണെന്ന് ലോകബാങ്ക്.
ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ഉയര്‍ത്താന്‍ ചരക്ക് സേവന നികുതി ഇടയാക്കുമെന്നും ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം അഭിപ്രായപ്പെട്ടു.
ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും വാര്‍ഷിക യോഗത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിന്നു ജിം യോങ് കിം.
ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ സാമ്പത്തിക രംഗത്തുണ്ടായിരിക്കുന്ന മുരടിപ്പ് താല്‍കാലികമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇത്തരമൊരു മന്ദത സ്വാഭാവികമാണ്. ജിഎസ്ടി നടപ്പാക്കുന്നതിനുള്ള നടപടികള്‍ മൂലം ഉണ്ടാവുന്നതാണിത്. ഈ സ്ഥിതി മാറുകയും ജിഎസ്ടി ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിവെക്കുകയും ചെയ്യും അദ്ദേഹം പറഞ്ഞു.
വരുന്ന മാസങ്ങളില്‍ സാമ്പത്തിക രംഗത്ത് വളര്‍ച്ച ദൃശ്യമാകും. ഈ വര്‍ഷംതന്നെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സ്ഥിരത കൈവരിക്കും. ഇന്ത്യയിലെ സാമ്പത്തിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങള്‍ തങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുവരികയാണെന്നും ആ ശ്രമങ്ങള്‍ക്ക് ഉടന്‍തന്നെ പ്രയോജനങ്ങള്‍ കണ്ടുതുടങ്ങുമെന്നും ജിം യോങ് കിം വ്യക്തമാക്കി.
ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടി സംബന്ധിച്ച് പ്രമുഖ സാമ്പത്തിക വിദഗ്ധരും ഇന്ത്യയിലെ പ്രതിപക്ഷവും ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ജിം യോങ് കിം ഇങ്ങനെ അഭിപ്രായപ്പെട്ടത്.