ദോഹ: ഖത്തര്‍ ലോകകപ്പിന്റെ പ്രധാന സ്‌റ്റേഡിയങ്ങളിലൊന്നായ റാസ് അബൂ അബൂദ് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ കരാര്‍ ഖത്തര്‍ കമ്പനിയായ എച്ച് ബി കെ കോണ്‍ട്രാക്ടിംഗ് കമ്പനിക്ക്. മനോഹരമായ ചെറുനഗരത്തിന്റെ മാതൃകയില്‍ ഒരുങ്ങുന്ന സ്‌റ്റേഡിയത്തില്‍ 40000 പേര്‍ക്കാണ് ഇരിപ്പിടമൊരുങ്ങുന്നത്.
നിര്‍മ്മാണ കരാര്‍ ഖത്തര്‍ കമ്പനിക്ക് നല്‍കുന്നതില്‍ ഏറെ അഭിമാനിക്കുന്നതായും പദ്ധതിയുടെ നിര്‍മ്മാണം ഇതിനകം ആരംഭിച്ചതായും സുപ്രീം കമ്മിറ്റി ടെക്‌നിക്കല്‍ ഡെലിവറി ഓഫീസ് ചെയര്‍മാന്‍ എഞ്ചി. ഹിലാല്‍ അല്‍ കുവാരി പറഞ്ഞു. ടൂര്‍ണമെന്റിന് ശേഷവും ഖത്തറിന്റെ സാമ്പത്തിക പദ്ധതികള്‍ക്ക് സംഭാവന നല്‍കുന്നതിനുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ് ലോകത്തില്‍ തന്നെ ആദ്യമായി നിര്‍മ്മിക്കുന്ന ഇത്തരമൊരു സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണാധികാരം പ്രാദേശിക കമ്പനിക്ക് നല്‍കുന്നതിലൂടെ തെളിയുന്നതെന്നും ഹിലാല്‍ അല്‍ കുവാരി പറഞ്ഞു.
ഖത്തറിന്റെയും അറബ് ലോകത്തിന്റെയും അഭിമാന ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ അഭിമാനിക്കുന്നതായി എച്ച് ബി കെ പ്രസിഡന്റ് ശൈഖ് അലി ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു.ഒരു ഖത്തര്‍ കമ്പനിയെന്ന നിലക്ക് ലോകകപ്പിന്റെ തയ്യാറെടുപ്പില്‍ ഭാഗമാകുകയെന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സാങ്കേതികമായി ഏറെ വെല്ലുവിളികളുള്ള ജോലിയാണ് റാസ് അബൂ അബൂദ് സ്‌റ്റേഡിയം നിര്‍മ്മാണത്തിലുള്ളതെന്ന് പ്രൊജക്ട് മാനേജര്‍ മുഹമ്മദ് അല്‍ മുല്ല പറഞ്ഞു. അതേസമയം, സ്‌റ്റേഡിയം നിര്‍മ്മാണത്തിന്റെ പ്രഥമഘട്ടത്തിന് കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ തന്നെ സുപ്രീം കമ്മിറ്റി തുടക്കമിട്ടിരുന്നു. 2020ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സ്‌റ്റേഡിയം ആദ്യമായാണ് അവതരിപ്പിക്കുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കേവലം ഒന്നര കിലോമീറ്റര്‍ മാത്രം ദൂരത്തായി 450000 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് സ്‌റ്റേഡിയം.
ഫെന്‍വിക് ഐറിബറന്‍ ആര്‍ക്കിടെക്‌സാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ക്കാണ് സ്‌റ്റേഡിയം വേദിയാകുക. ലോകകപ്പിന്റെ ഉദ്ഘാടന മത്സരവും ഫൈനല്‍ പോരാട്ടവും നടക്കാനിരിക്കുന്ന ലുസൈല്‍ സ്‌റ്റേഡിയത്തിന്റെ രൂപരേഖ മാത്രമാണ് ഇനി പുറത്തുവിടാനുള്ളത്.