അഴിമതി രഹിതവുമായ സര്‍ക്കാരുകളെയാണ് ലോകത്തിന് വേണ്ടത് ; നരേന്ദ്ര മോദി

സുതാര്യവും അഴിമതി രഹിതവുമായ സര്‍ക്കാരുകളെയാണ് ലോകത്തിന് വേണ്ടതെന്ന് പ്രധാനമന്ത്രി. ‘മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ്’ എന്നതാണ് തന്റെ തത്വം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനാണ് തന്റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ദുബായില്‍ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ സംസാരിക്കവേ ആയിരുന്നു മോദിയുടെ പരാമര്‍ശം.

‘സാങ്കേതികവിദ്യയെ മാധ്യമമാക്കുന്ന, സുതാര്യവും അഴിമതിയില്ലാത്തതുമായ ഒരു സ്മാര്‍ട്ട് ഗവണ്‍മെന്റാണ് ഇപ്പോള്‍ ലോകത്തിന് ആവശ്യം. ഒരു വശത്ത്, ലോകം ആധുനികതയെ സ്വീകരിക്കുന്നു, മറുവശത്ത്, നൂറ്റാണ്ടുകളായുള്ള വെല്ലുവിളികള്‍ തുടര്‍ച്ചയായി ഉയരുന്നു. ഭക്ഷ്യസുരക്ഷയോ, ആരോഗ്യസുരക്ഷയോ, ജലസുരക്ഷയോ, ഊര്‍ജ സുരക്ഷയോ, വിദ്യാഭ്യാസമോ എന്തുമാകട്ടെ പൗരന്മാരോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ഗവണ്‍മെന്റ് ബാധ്യസ്ഥരാണ്’-മോദി പറഞ്ഞു.

ഇന്ത്യന്‍ സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനുമാണ് തന്റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. പൊതുവികാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതുകൊണ്ടാണ് ഇത് സാധ്യമായതെന്നും മോദി വ്യക്തമാക്കി.
ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നി നിലകളില്‍ താന്‍ 23 വര്‍ഷം സര്‍ക്കാരില്‍ ചെലവഴിച്ചു. ‘മിനിമം ഗവണ്‍മെന്റ്, മാക്സിമം ഗവര്‍ണന്‍സ്’ എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Top