മോസ്കോ: റഷ്യയില്‍ ആദ്യ കോവിഡ് വാക്സിന് പ്രസിഡന്റ് വ്ളാദിമിര്‍ പുതിന് ഔദ്യോഗികമായി പുറത്തിറക്കി. ലോകത്തിലെ ആദ്യ കോവിഡ് വാക്സിനാണിത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് രജിസ്റ്റര്‍ ചെയ്തെന്നും തന്റെ പെണ്മക്കളില് ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തതായും പുതിന് പ്രഖ്യാപിച്ചു. മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പുതിന് വാക്സിന് പ്രഖ്യാപനം നടത്തിയത്.
കൊറോണ വൈറസില്‍ നിന്ന് ശാശ്വത പ്രതിരോധ ശേഷി വാഗ്ദാനം ചെയ്യുമെന്ന് തങ്ങളുടെ വാക്സിന് പരിശോധനയില്‍ തെളിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. വാക്സിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും പുതിന് നന്ദി അറിയിച്ചു. ഇത് ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
അതേസമയം, വാക്സിന് പുറത്തിറക്കിയെങ്കിലും ഇത് എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. വാക്സിന് ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്ന് റഷ്യയിലെ പ്രമുഖ വൈറോളസ്റ്റുമാരില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ചില ആന്റിബോഡികളുടെ സാന്നിധ്യം രോഗ തീവ്രത വര്‍ധിപ്പിച്ചേക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.