ലോകത്തെ ഏറ്റവും വലിയ കോവിഡ് പരിശോധനാലാബ് ദുബായില്‍ തുറക്കുന്നു

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഹൗസ് എയര്‍പോര്‍ട്ട് കോവിഡ് ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റിങ് ലാബുകളിലൊന്ന് ദുബായില്‍ തുറക്കുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിന് സമീപമാണ് ലാബ് തുറക്കുന്നത്. 20,000 ചതുരശ്രയടിയിലുള്ള ലബോറട്ടറിയില്‍ പ്രതിദിനം ഒരു ലക്ഷം സാമ്പിളുകള്‍ ശേഖരിക്കാനും ഏതാനും മണിക്കൂറുകള്‍ കൊണ്ടുതന്നെ ഫലങ്ങള്‍ നല്‍കാനും കഴിയുമെന്ന് എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു.

ഏറ്റവും നൂതന കോവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിങ് ഉപകരണങ്ങളാണ് ഉപയോഗിക്കുക. ദുബായ് എയര്‍പോര്‍ട്ട്, ഹെല്‍ത്ത് അതോറിറ്റി, ലാബ് ഓപ്പറേറ്റര്‍ പ്യുവര്‍ ഹെല്‍ത്ത് എന്നിവ സഹകരിച്ചാണ് ലാബ് പ്രവര്‍ത്തിക്കുക. ഇത് ആരോഗ്യ അധികാരികളും എയര്‍ലൈനുകളും തമ്മില്‍ വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറുന്നതിന് സഹായകരമാകും.

വ്യോമഗതാഗതം സാധാരണഗതിയിലാവുന്നതിന് മുന്നോടിയായാണ് തയ്യാറെടുപ്പുകള്‍. ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന നിലയില്‍ വേനല്‍ക്കാല അവധിയും അടുത്തെത്തിയതോടെ തിരക്ക് വര്‍ധിക്കാനും സാധ്യതയുണ്ട്. യാത്ര സുഗമവും സുരക്ഷിതവുമാക്കാനാണ് തയ്യാറെടുപ്പുകളെന്ന് ദുബായ് എയര്‍പോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പറഞ്ഞു.

ടെര്‍മിനല്‍ വണ്‍ തുറക്കുന്നതിന് മുന്നോടിയായി 3500-ഓളം അധിക ജീവനക്കാരെ നിയമിക്കുമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 15 മാസമായി ഭാഗികമായി മാത്രം പ്രവര്‍ത്തിച്ചിരുന്ന ദുബായ് വിമാനത്താവളം ടെര്‍മിനല്‍ വണ്‍ ബുധനാഴ്ച പൂര്‍ണശേഷിയില്‍ തുറന്നുപ്രവര്‍ത്തിക്കും.

Top