ഒടുവില്‍ പ്രിയങ്ക ഗാന്ധിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച് യോഗി സര്‍ക്കാര്‍

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളെ നാട്ടില്‍ തിരികെയെത്തിക്കാന്‍ 1000 ബസുകള്‍ ഓടിക്കാന്‍ അനുവദിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ അഭ്യര്‍ഥനയ്ക്ക് ഒടുവില്‍ അംഗീകാരം നല്‍കി യുപി സര്‍ക്കാര്‍. ബസുകളുടെ വിവരങ്ങളും നമ്പരുകളും ഡ്രൈവര്‍മാരുടെ പേരുവിവരവും ചോദിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസ് പ്രിയങ്കയുടെ ഓഫിസിലേക്ക് കത്തയച്ചെന്നാണ് വിവരം.

മേയ് 16നാണ് പ്രിയങ്ക ബസുകള്‍ക്ക് അനുമതി തേടിയത്. ഔറൈയിലുണ്ടായ അപകടത്തില്‍ 24 തൊഴിലാളികള്‍ മരിക്കുകയും 36 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തെത്തുടര്‍ന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിലാണ് പ്രിയങ്ക ഇങ്ങനെയൊരു അഭ്യര്‍ഥന മുന്നോട്ടുവച്ചത്.

ഇതു രാഷ്ട്രീയം കളിക്കേണ്ട സമയമല്ല. ഞങ്ങളുടെ ബസുകള്‍ അതിര്‍ത്തിയില്‍ നില്‍പ്പുണ്ട്. ആയിരക്കണക്കിന് തൊഴിലാളികളാണ് ഭക്ഷണവും വെള്ളവുമില്ലാതെ കാല്‍നടയായി സ്വന്തം സംസ്ഥാനത്തേക്കു പോകുന്നത്. അവരെ സഹായിക്കണമെന്ന് വിഡിയോയില്‍ പ്രിയങ്ക അഭ്യര്‍ഥിച്ചിരുന്നു.

Top