കണ്ണൂര്‍: പിണറായിയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവറായ ഉനൈസ് മരിച്ചത് പൊലീസ് മര്‍ദ്ദനമേറ്റാണെന്നാണ് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നത്. മെഡിക്കല്‍ ലീഗല്‍ കേസായാണ് ആശുപത്രി അധികൃതര്‍ കേസ് പരിഗണിച്ചത്. എന്നാല്‍ പൊലീസ് നടപടിയെടുക്കാന്‍ വൈകിയെന്നാണ് ആരോപണം. സംഭവത്തില്‍ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 21നാണ് കണ്ണൂര്‍ എടക്കാട്ട് ഓട്ടോ ഡ്രൈവറായ ഉനൈസിനെ ഭാര്യാപിതാവിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഫെബ്രുവരി 22ന് ഭാര്യാപിതാവിന്റെ സ്‌കൂട്ടര്‍ തീവെച്ച കേസില്‍ നാലു പൊലീസുകാര്‍ വീടു വളഞ്ഞാണ് ഉനൈസിനെ കസ്റ്റഡിയിലെടുത്തത്. രാവിലെ മുതല്‍ വൈകിട്ടുവരെ എടക്കാട് പൊലീസ് സ്‌റ്റേഷനില്‍ ഏഴ് പൊലീസുകാരും എസ്‌ഐയും ചേര്‍ന്ന് ഉനൈസിനെ മര്‍ദ്ദിച്ചുവെന്നും വായിലൂടെയും മൂത്രത്തിലൂടെയും രക്തം വന്ന് അവശനായ നിലയില്‍ ഫെബ്രുവരി 24ന് ഉനൈസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നുമാണ് ഉനൈസിന്റെ ബന്ധുക്കള്‍ പറയുന്നത്. ഗുരുതരമായി പരുക്കേറ്റ ഉനൈസ് രണ്ട് മാസം വീട്ടില്‍ കിടപ്പിലായശേഷമാണ് മരിച്ചത്.