ടെമ്പോ ഓടിച്ചു ജീവിച്ച ചെറുപ്പക്കാരന്‍ ഐ പി എസ് സ്വപ്‌നത്തിലേക്ക് നടന്നടുത്തത്…

മുംബൈ: രാജ്യത്തെ യുവതീ യുവാക്കളുടെ സ്വപ്നമായിരിക്കും സിവില്‍ സര്‍വീസ് പരീക്ഷ പാസാകുക എന്നത്. ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന ബഹുമാനവും, അധികാരങ്ങളുമെല്ലാമാണ് ഈ ജോലിയെ സ്വപ്നം കാണാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. സാധാരണ ഗതിയില്‍ സമര്‍ത്ഥരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ സിവില്‍ സര്‍വീസ് കടമ്പ മറികടക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ പന്ത്രണ്ടാം ക്ലാസില്‍ ഹിന്ദിയൊഴികെ എല്ലാവിഷയത്തിനും തോറ്റ, ജീവിക്കുന്നതിനായി ടെമ്പോ ഓടിച്ച് കഴിഞ്ഞ ഒരു യുവാവിന് ഈ മത്സര പരീക്ഷ ജയിക്കാന്‍ കഴിഞ്ഞത് ആര്‍ക്കും പ്രചോദനമാവും എന്ന് ഉറപ്പാണ്. മദ്ധ്യപ്രദേശിലെ മൊറീന ജില്ലക്കാരനായ മനോജ് ശര്‍മ്മയുടെ ഈ നേട്ടത്തെ കുറിച്ച് കൂടുതല്‍ അറിയാം.

കുട്ടിക്കാലം മുതല്‍ക്കേ ഒരു ഐ എ എസ് ഉദ്യോഗസ്ഥനാവണമെന്നതായിരുന്നു മനോജ് ശര്‍മ്മയുടെ സ്വപ്നം. എന്നാല്‍ അതിന് പറ്റിയ സാഹചര്യമായിരുന്നില്ല അദ്ദേഹത്തിന് ഉണ്ടായിരുന്നത്. വിദ്യാഭ്യാസത്തിലും മുന്നിലായിരുന്നില്ല മനോജ് ശര്‍മ്മയെന്ന വിദ്യാര്‍ത്ഥി. പന്ത്രണ്ടാം ക്ലാസില്‍ മനോജ് ജയിച്ചത് ഹിന്ദിയ്ക്ക് മാത്രമായിരുന്നു. എന്നാല്‍ തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കണമെന്ന ഇച്ഛാശക്തി അദ്ദേഹത്തിന്റെ മനസില്‍ നിന്നും ചോര്‍ന്നിരുന്നില്ല. വീടിന്റെ മേല്‍ക്കൂര നന്നാക്കാന്‍ പോലും പണമില്ലാതെ വിഷമിച്ച അവസ്ഥയില്‍ കുടുംബത്തിനൊപ്പം തെരുവില്‍ യാചകര്‍ക്കൊപ്പം അന്തിയുറങ്ങേണ്ട അവസ്ഥ പോലും അദ്ദേഹത്തിനുണ്ടായി. പിന്നീട് പഠനത്തിനൊപ്പം ഗ്വാളിയോറില്‍ ടെമ്പോ ഓടിച്ചാണ് അദ്ദേഹം കുടുംബം പുലര്‍ത്തിയത്.

ഡല്‍ഹിയില്‍ ഒരു ലൈബ്രറി പ്യൂണായി ജോലി ചെയ്ത സമയമാണ് മനോജ് ശര്‍മ്മയുടെ ജീവിതം മാറിമറിഞ്ഞത്. ഈ സമയത്ത് ഗോര്‍ക്കി, എബ്രഹാം ലിങ്കണ്‍ മുതല്‍ മുക്ത്‌ബോദ് വരെയുള്ള നിരവധി വലിയ ആളുകളെക്കുറിച്ച് അദ്ദേഹം വായിച്ചു. ഈ പുസ്തകങ്ങള്‍ വായിച്ചതിനു ശേഷം അയാള്‍ക്ക് ജീവിതത്തില്‍ സ്വപ്നം പൂര്‍ത്തിയാക്കാന്‍ ഇനിയും താന്‍ വൈകിയിട്ടില്ലെന്ന സത്യം അദ്ദേഹം മനസിലാക്കി. മുടങ്ങിയ വിദ്യാഭാസം പൂര്‍ത്തിയാക്കുകയും യുപിഎസ്സി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയും ചെയ്തു. 2005 ല്‍ മഹാരാഷ്ട്ര കേഡറില്‍ നിന്ന് ഐപിഎസ് നേടിയ മനോജ് ശര്‍മ്മ ഇപ്പോള്‍ മുംബയില്‍ വെസ്റ്റ് റീജിയന്റെ അഡീഷണല്‍ കമ്മീഷണറായി സേവനം അനുഷ്ഠിക്കുന്നു. ‘ട്വല്‍ത്ത് ഫെയില്‍’ എന്ന പുസ്തകത്തില്‍ അദ്ദേഹം തന്റെ കഥ വിവരിക്കുന്നുണ്ട്. പന്ത്രണ്ടാം ക്ലാസില്‍ തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

Top