വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ഷിയാസ് കരീം പൊലീസിന് മൊഴി നല്കി. വിവാഹവാഗ്ദാനം നടത്തി യുവതി ചതിച്ചുവെന്നാണ് ഷിയാസ് കരീം പോലീസിന് മൊഴി നല്‍കിയത്. വിവാഹം കഴിഞ്ഞതും, മകനുള്ളതും യുവതി മറച്ചുവച്ചുവെന്നും ലൈംഗീക പീഡനം നടന്നിട്ടില്ലയെന്നും ഷിയാസ് കരീം പറയുന്നു.
കഴിഞ്ഞ ദിവസമാണ് ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് ഷിയാസ് പൊലീസിന്റെ പിടിയിലായത്. ഗള്‍ഫില്‍നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉള്‍പ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് തടഞ്ഞത്. ഷിയാസ് കരീമിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. ഇന്ന് രാവിലെയാണ് ചന്തേര പൊലീസ് ഷിയാസിനെ സ്റ്റേഷനിലെത്തിച്ചത്.
ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി എത്തിയത്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരില്‍ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്. ജിമ്മില്‍ പരിശീലകയായ യുവതിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്. എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിച്ചുവെന്നും. പണം തട്ടിയെടുത്ത് കയ്യേറ്റം ചെയ്തെന്നും പരാതിയില്‍ ആരോപിക്കുന്നു.