ഡല്‍ഹി: പാര്‍ലമെന്റ് നടപടികളുടെ തത്സമയ സംപ്രേഷണം നടത്തുന്ന സന്‍സദ് ടിവിയുടെ യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ ചാനല്‍ ഹാക്ക് ചെയ്യുകയും ചാനലിന്റെ പേര് മാറ്റുകയും ചെയ്തതിനെ തുടര്‍ന്ന് അക്കൗണ്ട് യൂട്യൂബ് സസ്‌പെന്‍ഡ് ചെയ്തു.
പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ചതാണ് സന്‍സദ് ടിവിയുടെ യുട്യൂബ് ചാനലും ഡിജിറ്റല്‍ സന്‍സദ് ആപ്പും. യൂട്യൂബിന്റെ കമ്മ്യൂണിറ്റി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് ചാനല്‍ നീക്കം ചെയ്തതിന്റെ കാരണമെന്നാണ് യൂട്യൂബില്‍ നിന്നും ആദ്യം ലഭിച്ച വിശദീകരണം. എന്നാല്‍ ഒരു കൂട്ടം തട്ടിപ്പുകാരുടെ അനധികൃത പ്രവര്‍ത്തനം കാരണം ചാനല്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയാണ് ഉണ്ടായതെന്ന് യുട്യൂബ് പിന്നീട് അറിയിച്ചു.
തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി സന്‍സദ് ടിവിയുടെ യുട്യൂബ് അക്കൗണ്ടിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായും എഥിരിയം എന്ന പേരിലേക്ക് ഹാക്കര്‍മാര്‍ ചാനലിന്റെ പേര് മാറ്റിയതായും സന്‍സദ് ടിവി ഔദ്യോഗിക പ്രസ്താവന ഇറക്കി. രാത്രി ഒന്നോടെയാണ് ഇത് ശ്രദ്ധയില്‍ പെട്ടതെന്നും എന്നാല്‍ പുലര്‍ച്ചെ നാലോടെ സന്‍സദ് ടിവിയുടെ സോഷ്യല്‍ മീഡിയ സംഘം അക്കൗണ്ട് പുനസ്ഥാപിച്ചതായും പ്രസ്താവനയില്‍ പറയുന്നു.