പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നിലയ്ക്കലില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.
സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കുത്തിയിരുന്ന് പ്രതിഷേധിക്കാനെത്തിവരെയാണ് അറസ്റ്റ് ചെയ്തത്. പമ്പയിലും സന്നിധാനത്തും തങ്ങളുടെ പ്രവര്‍ത്തകര്‍ ഉണ്ടെന്നും ഒരൊറ്റ സ്ത്രീകള്‍ ശബരിമലയില്‍ കയറില്ലെന്നും തങ്ങളുടെ നെഞ്ചില്‍ ചവുട്ടിയേ സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിക്കൂവെന്നും പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചു.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇത് സര്‍ക്കാര്‍ സ്പോണ്‍സേഡ് പരിപാടിയാണെന്നും യുവമോര്‍ച്ച ആരോപിച്ചു. പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു.
നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഈ നാലു പ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ അനുവദിക്കില്ല. എന്നാല്‍ ഭക്തര്‍ക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.