തിരുവനന്തപുരം: എടപ്പാള്‍ പീഡനക്കേസില്‍ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ തൃശൂര്‍ റേഞ്ച് ഐജിക്കും മലപ്പുറം എസ്പിക്കും ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശാസന. സംഭവത്തെക്കുറിച്ച് ഇരുവരോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടു. അറസ്റ്റ് ശരിയായ രീതിയിലല്ല നടന്നതെന്നാണ് ഡിജിപിയുടെ വാദം. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമായിരുന്നുവെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.
പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍, മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍, കെപിസിസി അദ്ധ്യക്ഷന്‍ എം.എം ഹസന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. കൂടാതെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് അസോസിയേഷനില്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ മുഖ്യമന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ചത്.
എടപ്പാളിലെ മള്‍ട്ടിപ്ലെക്‌സ് തീയേറ്ററില്‍ അമ്മയുടെ പിന്തുണയോടെ ബാലികയെ രണ്ടര മണിക്കൂറോളം മധ്യവയസ്‌കന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവം അറിയിക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് തീയേറ്ററിന്റെ ഉടമസ്ഥന്‍ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാതിരുന്ന പൊലീസാണ് ഇപ്പോള്‍ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത്.