മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്ത് വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി പുറത്ത്. മൊയ്തീന്‍ കുട്ടി മകളെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നും ഒന്നിച്ചല്ല സിനിമ കാണാന്‍ പോയതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. മൊയ്തീന്‍ കുട്ടിയെ വര്‍ഷങ്ങളായി പരിചയമുണ്ടെന്നും സിനിമാ തിയേറ്ററില്‍ വച്ച് യാദൃശ്ചികമായാണ് ഇയാളെ കണ്ടതെന്നും അമ്മ മൊഴി നല്‍കി.
കേസ് ഉണ്ടാവാതിരിക്കാന്‍ മൊയ്തീന്‍കുട്ടി ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്ന് റിപ്പോര്‍ട്ട് ഉണ്ട്. സംഭവം പൊലീസ് സ്റ്റേഷനില്‍ അറിയിച്ച തിയേറ്റര്‍ ഉടമയെ വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അഭിനന്ദിച്ചു. അമ്മയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.
സംഭവത്തില്‍ പ്രതിയായ തൃത്താല സ്വദേശിയും വ്യവസായിയുമായ കണ്‍കുന്നത്ത് മൊയ്തീന്‍കുട്ടി(60) ഇന്നലെ പിടിയിലായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാനോ പ്രതിയെ പിടികൂടാനോ പൊലീസ് തയ്യാറായിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ മാത്രമാണ് അറസ്റ്റുണ്ടായത്.
ഗുരുതരമായ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ ബേബിയെ അന്വേഷണ വിധേയമായി തൃശൂര്‍ റേഞ്ച് ഐ.ജി.എം.ആര്‍ അജിത്ത് കുമാര്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മൊയ്തീന്‍ കുട്ടിയുടെയും സ്ത്രീയുടെയും പേരില്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിയേറ്ററില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ബാലികയുടെ അമ്മയാണെന്നും പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള അമ്മയ്ക്ക് വ്യക്തമായിട്ടുണ്ട് എന്ന് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു.