ഒരിടവേളയ്ക്കു ശേഷം കേരളത്തിലെ തിയറ്ററുകള്‍ നാളെ ബിഗ് റിലീസുകള്‍

രിടവേളയ്ക്കു ശേഷം പ്രീ റിലീസ് ഹൈപ്പില്‍ മുന്നിലെത്തിയ ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക്. മണി രത്നത്തിന്റെ ഡ്രീം പ്രോജക്റ്റ് പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം, മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ്, മലയാളത്തില്‍ നിന്ന് അഖില്‍ സത്യന്റെ ഫഹദ് ഫാസില്‍ ചിത്രം പാച്ചുവും അത്ഭുതവിളക്കും എന്നിവയാണ് വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന പ്രധാന ചിത്രങ്ങള്‍.

സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ചിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍ 2. ആദ്യ ചിത്രം വന്‍ വിജയമായിരുന്നതിനാല്‍ത്തന്നെ കോളിവുഡിന് ഈ ചിത്രത്തിലുള്ള പ്രതീക്ഷ ഏറെയാണ്. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണിത്.

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ എത്തുന്ന ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. മേജര്‍ മഹാദേവന്‍ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് (റോ) തലവന്‍ മേജര്‍ മഹാദേവനായാണ് മമ്മൂട്ടി ഏജന്റില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനാണ് അഖില്‍ അക്കിനേനിയുടെ കഥാപാത്രം. സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്റെ സംവിധാന അരങ്ങേറ്റമാണ് പാച്ചുവും അത്ഭുതവിളക്കും. ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, മോഹന്‍ അഗാഷെ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് നിര്‍മ്മാണം.

Top