കൊച്ചി: ആറുമാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ തിങ്കളാഴ്ച്ച തുറക്കുമെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. ബുധനാഴ്ച്ച പ്രദര്‍ശനം തുടങ്ങുമെങ്കിലും വെള്ളിയാഴ്ച്ചയാണ് ആദ്യ മലയാള ചിത്രം റിലീസ് ചെയ്യുക. റിലീസ് ചെയ്യാനുള്ള മലയാള ചിത്രങ്ങളുടെ കുറവ് പരിഹരിക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്താനും ഫിയോക് തീരുമാനിച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് തിങ്കളാഴ്ച്ച മുതല്‍ തിയേറ്റര്‍ തുറക്കാനാണ് ഉടമകളുടെ സംഘടനയായ ഫിയോക് തീരുമാനം. തീയേറ്റര്‍ തുറന്ന് ശുചീകരണ പ്രവര്‍ത്തിയടക്കം പൂര്‍ത്തിയാക്കി ബുധനാഴ്ച്ച മുതല്‍ പ്രദര്‍ശനം ആരംഭിക്കും. ജെയിംസ് ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’ ആണ് ആദ്യം പ്രദര്‍ശനത്തിനെത്തുന്നത്. ജോജു ജോര്‍ജ്ജ് നായകനും പൃഥിരാജ് അതിഥി വേഷത്തിലുമെത്തുന്ന ‘സ്റ്റാര്‍’ വെള്ളിയാഴ്ച്ച റിലീസ് ചെയ്യും. പ്രദര്‍ശനത്തിന് മലയാള ചിത്രങ്ങളുടെ കുറവ് പരിഹരിക്കാന്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്താനും ഫിയോക് തീരുമാനിച്ചു.
കൂടാതെ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തത്കാലിക സംവിധാനം മാത്രമാണെന്നും മരക്കാര്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നും ഫിയോക്ക് അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നത്. ഉടമകള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും എന്നാണ് പ്രതീക്ഷ. ഒ.ടി.ടി വേണ്ടി നിര്‍മിച്ച ചിത്രങ്ങള്‍ മാത്രം അവിടെ റിലീസ് ചെയ്യും. തിയേറ്ററിലേക്ക് ആളുകള്‍ എത്തി തുടങ്ങിയാല്‍ പിന്നെ ചിത്രങ്ങള്‍ ഒടിടിയിലേക്ക് പോകില്ല എന്നാണ് പ്രതീക്ഷ. ഇക്കാര്യം സിനിമയിലെ നായകന്മാരും, അണിയറ പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യും.
തിയേറ്ററില്‍ അന്‍പത് ശതമാനം മാത്രം സീറ്റുകള്‍ എന്നത് പ്രതിസന്ധിയാണെന്നും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം എന്നതും പുനഃപരിശോധിക്കണമെന്നും ഫിയോക്ക് അറിയിച്ചു.