കൊവിഡ് വ്യാപനം രൂക്ഷം; നാളെ മുതല്‍ തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ തുറക്കില്ല

ദിവസവും പതിനായിരത്തിന് മുകളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് തമിഴ്നാട്. ഇതിന്റെ ഭാഗമായി തിയേറ്ററുകള്‍ ഏപ്രില്‍ 26 മുതല്‍ താല്‍ക്കാലികമായി സിനിമാ പ്രദര്‍ശനം അവസാനിപ്പിക്കുകയാണ്.

2020 മാര്‍ച്ചില്‍ കൊവിഡിന്റെ പ്രാരംഭ ഘട്ടത്തില്‍ അടച്ച രാജ്യത്തെ തിയേറ്ററുകള്‍ പത്ത് മാസം നീണ്ട ഇടവേളയ്ക്ക് ശേഷം 2021 ജനുവരി പകുതിയോടെയാണ് വീണ്ടും തുറന്ന് പ്രദര്‍ശനം ആരംഭിച്ചത്. ലോക്ക് ഡൗണ്‍ കാലത്തെ പ്രതിസന്ധികളില്‍ നിന്ന് സിനിമാ-തിയേറ്റര്‍ മേഖല കരകയറി തുടങ്ങുമ്പോള്‍ വീണ്ടും കൊവിഡ് മഹാമാരിയായി നഷ്ടം വിതക്കുകയാണ്. തിയേറ്ററുകള്‍ വീണ്ടും തുറന്നതിനാല്‍ നിരവധി തമിഴ് സിനിമകള്‍ റിലീസിനായി തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ ഇനി ഇപ്പോള്‍ റിലീസ് പ്രതിസന്ധിയിലാവും.

തിയേറ്ററുകള്‍ക്ക് പുറമെ ഓഡിറ്റോറിയങ്ങള്‍, അമ്പലങ്ങള്‍, കൂട്ടപ്രാര്‍ഥനകള്‍, ക്ലബ്ബുകള്‍, മാളുകള്‍ എന്നിവയും നാളെ മുതല്‍ പ്രവര്‍ത്തിക്കില്ല. അവശ്യസാധനങ്ങളുടെ വില്‍പ്പനയ്ക്ക് അനുമതിയുണ്ട്. ഇന്ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തമിഴ്‌നാട്ടില്‍ പുരോഗമിക്കുകയാണ്. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

രാത്രി കര്‍ഫ്യൂ, വിനോദസഞ്ചാരികള്‍ക്ക് വിലക്ക്, അവശ്യ സേവനങ്ങള്‍ ഒഴിവാക്കി ഞായറാഴ്ചകളിലെ സെമി ലോക്ക് ഡൗണ്‍ തുടങ്ങി നിരവധി നിയന്ത്രണങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഹോട്ടലുകളില്‍ നിന്നും ഭക്ഷണ ശാലകളില്‍ നിന്നും ഹോം ഡെലിവറി സംവിധാനം ഉണ്ടാകും. നിലവില്‍ സംസ്ഥാനത്ത് 95048 സജീവ കേസുകളാണ് ഉള്ളത്.

 

Top