ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കുമെന്ന് സൂചന. ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂന്നാം ഘട്ടത്തില്‍ സിനിമാശാലകള്‍ ഉള്‍പ്പെടെ തുറക്കാന്‍ അനുമതി നല്‍കിയേക്കും. ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അടുത്ത ആഴ്ച പുറത്തിറക്കും. വെള്ളിയാഴ്ചയാണ് രണ്ടാം ഘട്ട ലോക്ക്ഡൗണ് അവസാനിക്കുന്നത്.
ജിമ്മുകള്‍ക്ക് മൂന്നാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കുമെന്നാണ് അറിയുന്നത്. കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുക. ഒന്നിടവിട്ടുള്ള സീറ്റുകളില്‍ ആളുകളെ ഇരുത്തുക. ടിക്കറ്റ് വിതരണത്തിന് ഓണ്‍ലൈന്‍ സംവിധാനം, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ നിര്‍ബന്ധമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് മുന്നോട്ടുവന്നിരിക്കുന്നത്.
അതേസമയം, കോവിഡ് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ തുറന്നേക്കില്ല. മെട്രോ സര്‍വീസുകളും ആരംഭിച്ചേക്കില്ല.
നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് കൊടുക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കാനും മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനും അനുമതി നല്‍കാമെന്ന് ആലോചിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ ഇളവുകള്‍ വരുന്നതോടെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള മേഖലകളില്‍ സാധാരണ ജനജീവിതമായിരിക്കും ഉണ്ടാവുക. എന്നാല്‍ ഈ ഇടങ്ങളില്‍ ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ടാകും.