തൃശൂർ: തൃശൂർ പൂരത്തിന്‍റെ എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യപരിശോധന പരിശോധന പൂര്‍ത്തിയായി. മൂന്നംഗ മെഡിക്കൽ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. രാമചന്ദ്രന് മദപ്പാടില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കാഴ്‌ച്ച പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് പറയാന്‍ കഴിയില്ലെന്നും പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും മൂന്നംഗ മെഡിക്കല്‍ സംഘം അറിയിച്ചു. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ തന്നെ കലക്ടര്‍ക്ക് കൈമാറും.
ആരോഗ്യം അനുകൂലമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തില്‍ എഴുന്നള്ളിക്കാൻ അനുമതി നല്‍കുമെന്നായിരുന്നു തൃശൂർ ജില്ലാ കലക്ടര്‍ ടി വി അനുപമ ഇന്നലെ അറിയിച്ചിരുന്നത്. പരിശോധനയില്‍ ആനയുടെ ആരോഗ്യനില തൃപ്തികരമെന്ന് കണ്ടെത്തിയ സ്ഥിതിക്ക് പൂരവിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്താനാണ് സാധ്യത.
എന്നാല്‍, സുരക്ഷയുടെ ഭാഗമായി പൂരം വിളംബരത്തിനായി തെക്കേഗോപുരനട തുറക്കുന്ന ചടങ്ങിനെത്തുന്ന പൂരപ്രേമികളെ ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കാനും പൂരം നിരീക്ഷണ സമിതി തീരുമാനിച്ചു. ചടങ്ങില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നുവെങ്കില്‍ പരിപൂര്‍ണ ഉത്തരവാദിത്വം ഉടമ എന്ന നിലയ്ക്ക് തെച്ചിക്കോട്ടുകാവ് ദേവസ്വം ഏറ്റെടുക്കും.
നേരത്തേ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂര വിളംബരത്തിനു മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറല്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമയ്ക്കു നിയമോപദേശം നല്‍കിയിരുന്നു. തൃശൂര്‍ പൂരത്തിന്‍റെ ചടങ്ങുകളില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആനയെ പങ്കെടുപ്പിക്കുന്ന കാര്യം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരാണ് തീരുമാനിക്കേണ്ടതെന്നും ഈ ആവശ്യം കോടതിക്ക് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.