തൃശ്ശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തുമെന്ന് ജില്ലാകളക്ടര്‍

തൃശൂര്‍: ആരോഗ്യക്ഷമത അനുകൂലമെങ്കില്‍ തൃശ്ശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദനെത്തുമെന്ന് ജില്ലാകളക്ടര്‍. പൂരവിളംബരത്തിന് എഴുന്നെള്ളിക്കാന്‍ ഒരുമണിക്കൂര്‍ നേരമാണ് അനുമതി നല്‍കിയത്. നിയന്ത്രണങ്ങളോടെയാകും അനുമതി നല്‍കുകയെന്ന് ജില്ലാകളക്ടര്‍ ടി.വി അനുപമ അറിയിച്ചു. ഇതിന്റെ ഭാഗമായി രാമചന്ദ്രന്റെ ആരോഗ്യക്ഷമത നാളെ വിദഗ്ദ്ധ സംഘം പരിശോധിക്കും ആരോഗ്യക്ഷമത അനുകൂലമെങ്കില്‍ എഴുന്നെള്ളിപ്പിന് അനുമതി നല്‍കും. ജില്ലാകളക്ടര്‍ അദ്ധ്യക്ഷയായ ജില്ലാതല നിരീക്ഷക സമിതിയാണ് അനുമതി നല്‍കിയത്.

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കിൽ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. പൊതുതാൽപര്യം പറഞ്ഞ് ഭാവിയിൽ ഇത് അംഗീകരിക്കരുത് എന്നും വ്യക്തമാക്കിയാണ് നിയമോപദേശം നല്‍കിയത്.

ഇതിനെ തുടര്‍ന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് തെച്ചിക്കോട്ട് ദേവസ്വം അറിയിച്ചിരുന്നു. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങിനു രാമചന്ദ്രനെ എഴുന്നള്ളിക്കുന്നുവെങ്കില്‍ ഉടമ എന്ന നിലയ്ക്ക് പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ് ദേവസ്വം അറിയിച്ചിരിക്കുന്നത്.

Top