‘വീട്ടിൽ മോഷണം, ക്രൈംബ്രാഞ്ചിനെ വിശ്വാസമില്ല’: വീട് വിട്ടുകിട്ടണമെന്ന് കോടതിയിൽ ആവശ്യപ്പെട്ട് മോൻസൻ

ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള തന്റെ വീട്ടില്‍ മോഷണം നടന്ന സാഹചര്യത്തില്‍, വീട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിമോന്‍സന്‍ മാവുങ്കല്‍കോടതിയെ സമീപിച്ചു. ജയിലില്‍ കഴിയുന്ന മോന്‍സന്‍ എറണാകുളം എസിജെഎം കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത മോന്‍സന്റെ വീട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ച മോഷണം നടന്നെന്നു ചൂണ്ടിക്കാട്ടി മകന്‍ മാനസ് മോന്‍സന്‍ കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വീട്ടില്‍നിന്ന് വിലപിടിപ്പുള്ള പലതും മോഷണം പോയതായി സംശയിക്കുന്നുവെന്ന് മോന്‍സന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വീട് സൂക്ഷിക്കുന്നത് വിശ്വാസയോഗ്യമല്ലാത്തതിനാല്‍ വിട്ടു നല്‍കണം എന്നാണ് ആവശ്യം. കേസ് ഈ മാസം 15ന് പരിഗണിക്കും.മോന്‍സന്റെ കലൂരിലുള്ള വീട്ടില്‍ മോഷണം നടന്നതായി അയല്‍ക്കാരാണ് തന്നെ വിളിച്ചറിയിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് മകന്‍ നേരത്തേ പരാതി നല്‍കിയത്.

പുരാവസ്തു തട്ടിപ്പു കേസില്‍ മോന്‍സനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് മാര്‍ച്ച് നാലിന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രണ്ടാം പ്രതിയും മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും അദ്ദേഹത്തിന്റെ സഹായിയുമായ എബിന്‍ എബ്രഹാം മൂന്നാം പ്രതിയുമാണ്. പുരാവസ്തു ഇടപാടിന്റെ ഭാഗമായി മോന്‍സന് നല്‍കിയ 25 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ സുധാകരന്‍ കൈപ്പറ്റി എന്നാണ് പരാതിക്കാരുടെ ആരോപണം. സുധാകരനെ പിന്നീട് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

 

Top