ഹൈദരാബാദ്: ചൊവ്വാഴ്ചകളില്‍ മാത്രം മോഷണം നടത്തുന്ന കള്ളന്‍ പിടിയില്‍. മോഷണം വിജയകരമാക്കാന്‍ ചൊവ്വാഴ്ചയാണ് ഉത്തമം എന്നാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്. ഹൈദരാബാദ് പോലീസ് തിങ്കളാഴ്ചയാണ് മോഷ്ടാവിനേയും സഹായിയേയും പിടികൂടിയത്.
പകല്‍ സമയം മാത്രമേ മോഷണം നടത്താവൂ എന്നും അറസ്റ്റിലായ മുഹമ്മദ് സമീര്‍ഖാന് നിര്‍ബന്ധമുണ്ട്. അഫ്ഗാനിസ്ഥാനില്‍ വേരുകളുള്ള ഇയാള്‍ക്ക് കണ്ണിനു കാഴ്ച്ച കുറവാണ്. അതുകൊണ്ടാണ് പകല്‍ സമയം മോഷണത്തിന് തിരഞ്ഞെടുക്കുന്നതെന്നും പോലീസ് പറഞ്ഞു.
തെലങ്കാന, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ചു നാളുകളിലായി നടന്ന മോഷണക്കേസുകളിലെ അന്വേഷണത്തിനിടയിലാണ് ഹൈദരാബാദ് പോലീസ് ഇവരെ പിടികൂടിയത്.
പിടിയിലായ മുഹമ്മദ് സമീര്‍ഖാന്‍, മുഹമ്മദ് ഷോയ്ബ് എന്നിവരില്‍ നിന്നും ഇരുപത്തിയൊന്നു ലക്ഷം രൂപയോളം വില മതിക്കുന്ന സ്വര്‍ണം കണ്ടെത്തിയതായി ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അഞ്ജാനി കുമാര്‍ പറഞ്ഞു.
ഒരിക്കല്‍ ജയിലില്‍ വച്ചു പരിചയമായ തന്റെ സുഹൃത്തിനൊപ്പം ബൈക്കിലാണ് ഇയാള്‍ പൂട്ടിക്കിടക്കുന്ന വീടുകളിലെത്തുന്നത്. പൂട്ടു തുറന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കൃത്യം നടത്തി മടങ്ങും. തെലങ്കാനയിലും ബാംഗളൂരുവിലുമായി മുപ്പതോളം കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും പോലീസ് പറയുന്നു.